ആലുവയിൽ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഭിന്നശേഷക്കാരനടങ്ങുന്ന കുടുംബത്തെ ബാങ്ക് അധികൃതർ പെരുവഴിയിലാക്കിയെന്ന് പരാതി. ആലുവ അർബൻ ബാങ്ക് ആണ് കീഴ്മാട് സ്വദേശി മാലി വൈരമണിയേയും കുടുംബത്തെയും പുറത്താക്കിയത്. 2017 ൽ എടുത്ത വായ്പക്ക് 2020 ന് ശേഷം തിരിച്ചടവ് ഉണ്ടായിട്ടില്ല എന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
ആലുവ അർബൻ ബാങ്കിൽ നിന്നും എട്ടുവർഷം മുമ്പാണ് വൈരമണി 10 ലക്ഷം രൂപ വായ്പ എടുത്തത്. മിച്ച ഭൂമിയായി കിട്ടിയ അഞ്ചുസെന്‍റ് ഭൂമിയാണ് ബാങ്കിൽ ഈടായി വച്ചിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ഇന്ന് രാവിലെ ബാങ്ക് അധികൃതർ പൊലീസ് സഹായത്തോടെ വൈരമണിയുടെ വീട് പൂട്ടി.
9 ലക്ഷത്തോളം രൂപ തിരിച്ചടച്ചെങ്കിലും പലിശയടക്കം വീണ്ടും എട്ടു ലക്ഷത്തോളം രൂപ അടയ്ക്കാൻ ഉണ്ടെന്ന് കാണിച്ച് ബാങ്കധികൃതർ നോട്ടീസ് നൽകിയിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ 2017 ൽ വായ്പ എടുത്തിരുന്ന വീരമണി 2020 ന് ശേഷം മുതലോ പലിശയോ തിരിച്ചടച്ചിട്ടില്ലെന്നും, ഇത് ഇടപെട്ടവരെയെല്ലാം ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും ബാങ്കധികൃതർ പറഞ്ഞു. എതാനും മാസം മുമ്പും ഇതുപോലെ ബാങ്ക് അധികൃതർ എത്തി വീട് പൂട്ടിയിരുന്നു എങ്കിലും അൻവർ സാദത്ത് എംഎൽഎ ഇടപെട്ട് തുറന്ന് നൽകിയിരുന്നു. വയ്യാത്ത മകനുമായി ഇനി എന്ത് ചെയ്യും എന്നറിയാതെ നിൽക്കുകയാണ് വീരമണിയും കുടുംബവും.