മരണാനന്തര അവയവദാന പദ്ധതി ഏകോപിപ്പിക്കുന്ന സർക്കാർ സംവിധാനം കെ സോട്ടോയ്ക്ക് നന്ദി പറയുകയാണ് ആലുവ സ്വദേശി മനോജ്. വൃക്കരോഗത്തിൽ നിന്ന് തന്റെ രണ്ടുമക്കളെയും ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നതിനുള്ള കടപ്പാടാണത്. ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
മസ്തിഷ്‌ക മരണം സംഭവിച്ച ബിൽജിത്ത് ബിജുവിന്റെ വൃക്കകളിലൊന്നാണ് മനോജിന്റെ മകൻ അക്ഷയ്ക്ക് തുന്നിച്ചേർന്നത്. ആൽപോർട്ട് സിൻഡ്രോം എന്ന ജനിതക രോഗത്തെ തുടർന്ന് വൃക്ക തകരാറിലായ അക്ഷയ്, കഴിഞ്ഞ എട്ട് വർഷമായി വൃക്ക മാറ്റിവെക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഇതേ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷം അക്ഷയുടെ സഹോദരൻ അനന്ദുവിന്റേയും വൃക്ക മാറ്റിവെച്ചിരുന്നു. രണ്ടുപേർക്കും വൃക്ക ലഭിച്ചത് കെ സോട്ടോ വഴിയാണ്. പെയിന്റിങ് ജോലി ചെയ്ത് ഉപജീവനം നടത്തുന്ന മനോജിനും കുടുംബത്തിനും മക്കളുടെ ഡയാലിസിസ് ചെലവുകൾ തന്നെ താങ്ങാവുന്നതായിരുന്നില്ല. തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബിൽജിത്തിന്റെ കുടുംബത്തിന് അക്ഷയ് നന്ദി പറഞ്ഞു. അവയവദാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച ബിൽജിത്തിന് സർക്കാർ ആദരമൊരുക്കുകയും ചെയ്തു.