കൊച്ചി കോർപറേഷന് ഇനി പുതിയ ആസ്ഥാന മന്ദിരം. 61 കോടി രൂപ ചെലവിൽ മറൈൻഡ്രൈവിൽ നിർമിച്ച മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. തറക്കല്ലിട്ടതിന് പിന്നാലെ നിയമക്കുരുക്കും സാങ്കേതിക പ്രശ്നങ്ങളും കാരണം രണ്ട് പതിറ്റാണ്ട് പിന്നിട്ടാണ് കോർപറേഷന്റെ ആസ്ഥാനം മന്ദിര നിർമാണം പൂർത്തീകരിക്കപെട്ടത്.
2005ലാണ് പുതിയ മന്ദിരത്തിന്‌റെ നിർമാണം ആരംഭിച്ചത്. മറൈൻ ഡ്രൈവ് പദ്ധതി വിഭാവനം ചെയ്ത കുൽദീപ് സിങാണ് മന്ദിരത്തിന്‍റെ രൂപകൽപന നിർവഹിച്ചത്. നഗരസഭ ഡിവിഷനുകളുടെ എണ്ണം 74ൽനിന്ന് 76ലേക്ക് ഉയർന്നതോടെ കൗൺസിലർമാരുടെ ഇരിപ്പിടം 83ലേക്ക് മുൻകൂട്ടി ഉയർത്തിയിട്ടുണ്ട്. നൂറ് ഇരിപ്പിടം വരെ സജ്ജമാക്കാൻ സൗകര്യവുമുണ്ട്. നവംബർ ആദ്യവാരത്തോടെ പുതിയ ഓഫീസിലേക്ക് പൂർണമായി മാറാൻ കഴിയുമെന്നാണ് പ്രതീക്ഷ.