kochi-food-street

TOPICS COVERED

ആഴ്ചകൾക്കുമുമ്പ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തുപോയ കൊച്ചിയിലെ ഫുഡ് സ്ട്രീറ്റ്‌ ഭക്ഷണ പ്രേമികൾക്ക് കിട്ടാക്കനി. പനമ്പിള്ളി നഗറിലെ ഫുഡ് സ്ട്രീറ്റിൽ ഉദ്ഘാടന ദിവസം പ്രവർത്തിച്ച കടകൾ പോലും പൂട്ടിയിട്ട നിലയിലാണ്. ധൃതിപ്പെട്ട് ഉദ്ഘാടനം നടത്തിയെങ്കിലും, കടകൾ ലേലത്തിന് കൊടുക്കാനുള്ള നടപടിക്രമങ്ങൾ ജിസിഡിഎ തുടങ്ങിയിട്ടേയുള്ളൂ.

ആരോഗ്യമന്ത്രി വീണാ ജോർജ് ഫുഡ്സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ മാസം 27ന്. അന്നേദിവസം മൂന്ന് സ്റ്റാളുകൾ തുറന്നു പ്രവർത്തിച്ചു. പക്ഷേ, പിറ്റേ ദിവസം മുതൽ ഈ കടകൾ കാണാനില്ല. ഫുഡ് സ്ട്രീറ്റിലെ കടകൾ ലേലം ചെയ്യുമെന്ന് അറിയിച്ചുകൊണ്ട് ഇന്നലെ അറിയിപ്പ് വന്നു. ഈ മാസം 23 വരെ ടെൻഡർ സമർപ്പിക്കാം. അതിനു ശേഷം ലേലം ഉൾപ്പെടയുള്ള നടപടിക്രമങ്ങൾ കഴിഞ്ഞു കടകൾക്ക് ഉടമകളെ കിട്ടിയാലേ ഫുഡ്‌ സ്ട്രീറ്റിലെ അടുപ്പ് പുകയുകയുള്ളു. ആഴ്ചകൾ കാത്തിരിക്കണമെന്ന് ചുരുക്കം. ഒരു ദിവസം മാത്രം പ്രവർത്തിച്ച കടകൾ കാണിച്ച് ഉദ്ഘാടനം തിടുക്കപ്പെട്ട് നടത്തിയത് എന്തിനാണെന്നാണ് നാട്ടുകാരുടെ സംശയം. 

മാധ്യമങ്ങളിൽ ഫുഡ് സ്ട്രീറ്റ് ഉദ്ഘാടന വിശേഷങ്ങൾ കണ്ട് ഭക്ഷണം കഴിക്കാൻ എത്തുന്നവർ നിരാശരായി മടങ്ങുകയാണ്. മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായാണ് ഷോപ്പിംഗ് മാളുകളിലെ ഫുഡ് കോർട്ടുകളുടെ തനി നാടൻ പതിപ്പായി ഫുഡ് സ്ട്രീറ്റിന്‍റെ നിർമ്മാണം. ജി.സി.ഡി.എ.യുടെയും കൊച്ചി കോര്‍പ്പറേഷന്‍റെയും നിയന്ത്രണത്തിലുള്ള പദ്ധതിക്ക് ചെലവായത് ഒരു കോടിയിലധികം രൂപ. നാടൻ രുചികൾ മാത്രമല്ല ചൈനീസ് മുതൽ ഇറ്റാലിയൻ, കൊറിയൻ വിഭവങ്ങൾ വരെ കിട്ടുമെന്നായിരുന്നു വാഗ്ദാനം. 

ENGLISH SUMMARY:

Kochi Food Street remains inaccessible to food lovers despite being inaugurated weeks ago. The rushed inauguration, with closed stalls, has left many disappointed