ഓളപരപ്പുകളില്‍ ആവേശം നിറച്ച് മലയാറ്റൂര്‍ ജലോത്സവം. നൂറേക്കറിലേറെ വിസ്തൃതിയുള്ള മണപ്പാട്ടുചിറയില്‍ രണ്ടരപതിറ്റാണ്ടിന് ശേഷമാണ് വള്ളംകളി നടന്നത്. എംഎല്‍എ റോജി എം ജോണിന്‍റെ നേതൃത്വത്തില്‍ നീലീശ്വരം പഞ്ചായത്തായിരുന്നു വള്ളംകളിയുടെ സംഘാടകര്‍.
കുട്ടനാട്ടിലും കോട്ടയത്തും പത്തനംതിട്ടയിലും ഒതുങ്ങിനിന്ന വള്ളംകളിയെ മലയാറ്റൂരുകാരും ചേര്‍ത്തുപിടിക്കുകയാണ്. തുടക്കം അവരങ്ങ് ഉഷാറാക്കി. പന്ത്രണ്ട് തുഴകാര്‍ക്ക് കയറാവുന്ന വള്ളങ്ങളാണ് ഇത്തവണ മത്സരിച്ചത്. എട്ട് ടീമുകള്‍ മത്സരിച്ചു. ഒന്നാം സമ്മാനം 25000 രൂപയും. രണ്ടാം സമ്മാനം പതിനയ്യായിരവും.
വേനൽക്കാലത്ത് വറ്റി വരളുന്ന കൃഷിയിടങ്ങളെ പോറ്റാൻ തിരുവിതാംകൂർ രാജാവ് കൊച്ചി രാജ്യത്തിന് വിട്ടുകൊടുത്ത തടാകമാണ് മലയാറ്റൂർ മണപ്പാട്ടുചിറ എന്നതാണ് ചരിത്രം. 110 ഏക്കറിൽ പരന്നു കിടക്കുന്ന ശുദ്ധജല തടാകം. നാട്ടുകാര് ആവേശത്തോടെയേറ്റെടുത്ത വള്ളംകളിക്ക് വരും വര്‍ഷങ്ങളിലും തുടര്‍ച്ചയുണ്ടാക്കാനാണ് സംഘാടകരുടെ തീരുമാനം.