എറണാകുളം മലയാറ്റൂരില്‍ 19കാരിയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് തന്നെയെന്ന് പൊലീസ്. സുഹൃത്ത് 21കാരനായ അലന്‍ കുറ്റം സമ്മതിച്ചു. ഡ്രൈവറായ അലന്‍ വെല്‍ഡിങ് ജോലിയും ചെയ്തിരുന്നെന്നാണ് വിവരം. ബെംഗളൂരുവില്‍ പഠിക്കുകയായിരുന്ന ചിത്രപ്രിയ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ചടങ്ങിനായാണ് നാട്ടില്‍ വന്നത്. പകല്‍നേരത്തും രാത്രിയിലും പെണ്‍കുട്ടി അലനും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നുവെന്നാണ് മൊഴി.
അലന്‍റെ മൊഴിയനുസരിച്ച് സുഹൃത്തുക്കളെല്ലാം അന്ന് മദ്യപിച്ചിരുന്നു. പെണ്‍കുട്ടിയും മദ്യപിച്ചിരുന്നുവെന്നാണ് മൊഴിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ സ്ഥിരീകരിക്കാനാവുകയുള്ളൂ. വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് കുടുംബം പറയുന്നു. അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ഫോണെടുക്കാത്തത്തിനെച്ചൊല്ലിയും സംശയം നിലനിന്നിരുന്നുവെന്നും മൊഴിയുണ്ട്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് താന്‍ ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലന്‍ മൊഴി നല്‍കിയതായാണ് സൂചന.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ചിത്രപ്രിയ ബൈക്കില്‍ നിന്നിറങ്ങി നടന്നുപോകുന്നത് കാണാം. താന്‍ ചിത്രപ്രിയയെ അവിടെ വിട്ടുവെന്നായിരുന്നു അലന്‍ ഇന്നലെ നല്‍കിയ ആദ്യമൊഴി. പിന്നാലെ പൊലീസ് അലനെ വിട്ടയച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് യുവാവ് കൊലപാതകം നടത്തിയെന്ന് സമ്മതിച്ചത്. ഈ മാസം ആറിന് കാണാതായ ചിത്രപ്രിയയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്.
ചിത്രപ്രിയയുടെ വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപമായിരുന്നു മൃതദേഹം. ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ചിത്രപ്രിയ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കാണാതായി നാലുദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തം പുരണ്ടിരുന്നു. കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് അലന്‍റെ മൊഴി.
ഇവരുടെ ബന്ധത്തെക്കുറിച്ച് അലന്റെ കുടുംബത്തിന് അറിയാമായിരുന്നുവെന്നാണ് വിവരം. ബന്ധുവീടുകളിലെ ചടങ്ങിലടക്കം ചിത്രപ്രിയ എത്തിയിരുന്നു. തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. വലിയ ആഘാതമാണ് ചിത്രപ്രിയയുടെ മരണം മാതാപിതാക്കള്‍ക്കും കുടുംബത്തിനുമുണ്ടാക്കിയത്.