എറണാകുളം കോതമംഗലത്ത് വീടില്ലാതിരുന്ന 25 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം. കോതമംഗലം മുനിസിപ്പാലിറ്റി 18-ാം വാർഡ് കൗൺസിലർ അഡ്വ. ഷിബു കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് 25 വീടുകൾ ഒരുങ്ങിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുടുംബങ്ങൾക്ക് വീടുകൾ കൈമാറി.
തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് വാർഡിൽ വീടില്ലാത്ത വിഷമിക്കുന്നവരെ ഷിബു കുര്യാക്കോസ് കണ്ടുമുട്ടുന്നത്. വർഷങ്ങളായി വാടക കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും, വാസയോഗ്യമായ വീടില്ലാത്തവർക്കും വീട് ഒരുക്കുമെന്ന ഷിബുവിന്റെ പ്രതിജ്ഞയാണ് ഈ 25 വീടുകൾ. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഏറ്റവും അർഹരായവരെയാണ് ഭവന പദ്ധതിക്കായി തിരഞ്ഞെടുത്തത്. സ്വന്തം പണം കൊടുത്ത് ഒന്നേകാൽ ഏക്കർ ഭൂമി വാങ്ങി കുടുംബങ്ങളുടെ പേരിൽ മൂന്ന് സെന്റ് വീതം പതിച്ചു നൽകുകയാണ് ആദ്യം ചെയ്തത്. വീടുകളുടെ നിർമാണം തുടങ്ങിയ ഘട്ടത്തിൽ, സന്നദ്ധ സംഘടനകൾ സഹായമായി എത്തി. കരിങ്കല്ലും മണലും സിമന്റും സംഭാവന കിട്ടിയതിനു പുറമേ നിർമാണസാമഗ്രികളുടെ വിലകുറച്ചു നൽകി വ്യാപാരികളും പദ്ധതിയുമായി സഹകരിച്ചു. കോതമംഗലം ലയൺസ് ക്ലബ്ബും പദ്ധതിയിൽ പങ്കാളിയായി. 13 ലക്ഷം രൂപയിൽ നിർമ്മിച്ച വീട്ടിൽ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും.
വീടുകളോട് ചേർന്ന് പുഴയോരത്ത് മനോഹരമായ പാർക്കും ഒരുക്കിയിട്ടുണ്ട്. 100 വീടുകൾ നിർമ്മിക്കുകയാണ് ഷിബുവിന്റെ ലക്ഷ്യം. ഉടൻ പുതിയ 5 വീടുകളുടെ തറക്കല്ലിടും.