മസാല ബോണ്ട് വിഷയത്തിൽ വൻ അഴിമതിയാണ് നടന്നതെന്നും എന്നാൽ തിരഞ്ഞെടുപ്പ് കാലത്തുള്ള ഇഡി നോട്ടീസിൽ വിശ്വാസമില്ലെന്നും രമേശ് ചെന്നിത്തല. ആർബി അംഗീകാരമുണ്ടെന്ന് തോമസ് ഐസക് വാദിക്കുമ്പോഴും ഭരണഘടനയ്ക്ക് മുകളിൽ അല്ല ആർബിഐ. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ സഹായിക്കാനാണ് നോട്ടീസ് എന്നും, അല്ലെങ്കിൽ അത് തെളിയിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മിനെയും മുഖ്യമന്ത്രിയേയും ഭയപ്പെടുത്താനാണ് ഇ.ഡി നോട്ടിസെന്നും അല്ലാതെ കൂടുതലൊന്നും ചെയ്യില്ലെന്ന് വി.ഡി. സതീശന്‍. സി.പി.എമ്മിനെ വിധേയരാക്കി ബിജെപിയെ ജയിപ്പിക്കാന്‍ ശ്രമമെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. മസാല ബോണ്ടില്‍ ഭരണഘടനാ ലംഘനമുണ്ടെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, കിഫ്ബി മസാല ബോണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാനാകുമോ എന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേൾക്കും. നേരത്തെ വിഷയം പരിഗണിച്ച ഡിവിഷൻ ബെഞ്ച് വാദം കേൾക്കട്ടെ എന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ നിർദേശിച്ചു. വിഷയം സുപ്രീംകോടതി പരിഗണിക്കുന്നതിനാൽ ഹൈക്കോടതിക്ക് വാദം കേൾക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ വാദിച്ചു.
എന്നാൽ സുപ്രീംകോടതി പരിഗണിക്കുന്ന വിഷയവും, ഹൈക്കോടതിയിലെ ആവശ്യവും രണ്ടാണെന്ന് ഹർജിക്കാരൻ അറിയിച്ചു. ഇക്കാര്യത്തിൽ നേരത്തെ വിഷയം പരിഗണിച്ച ബെഞ്ച് തീരുമാനം എടുക്കട്ടെ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് നേരത്തെ വിഷയം പരിഗണിച്ചിരുന്നത്