ബിപിസിഎല്‍ കൊച്ചി റിഫൈനറിയിലെ തീപിടുത്തിന്‍റെ സാഹചര്യത്തില്‍ സമീപപ്രദേശങ്ങളില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ജനരോഷം. അപകടസാധ്യതയുള്ളതിനാല്‍ മറ്റൊരിടത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പരിശോധന കണ്ണില്‍പ്പൊടിയിടാനാണെന്ന് ആരോപിക്കുന്നു. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് ജില്ല കലക്ടര്‍ ഉറപ്പുനല്‍കിയതായി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
റിഫൈനറിയിലെ ഹൈടെന്‍ഷന്‍ ലൈനില്‍ ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് തീപിടുത്തമുണ്ടായത്. കനത്ത പുകയുയര്‍ന്നതോടെ അയ്യങ്കുഴി നിവാസികള്‍ക്ക് ദേഹാസ്വാസ്ഥ്യവും ശ്വാസതടസവും അനുഭവപ്പെട്ടു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് മുപ്പതോളം പേരാണ് ചികില്‍സ തേടിയത്. പ്രദേശവാസികളെ ചോറ്റാനിക്കരയിലെ സ്വകാര്യഹോട്ടലിലേയ്ക്ക് മാറ്റിയിരുന്നു. കമ്പനിയുടെ സമീപ പ്രദേശങ്ങള്‍ വാസയോഗ്യമാണോയെന്ന് പരിശോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും പഞ്ചായത്ത് ആരോഗ്യവിഭാഗത്തിലെയും ഉദഗ്യോഗസ്ഥരാണ് എത്തിയത്. വീടുകളില്‍ നിന്ന് സാംപിള്‍ ശേഖരിച്ചു. അപകടം നടന്ന് മൂന്നാം ദിവസം നടത്തുന്ന പരിശോധ പ്രഹസനമാണെന്നും പ്രദേശം ഒട്ടും സുരക്ഷിതമല്ലെന്നും ഇവിടം കമ്പനി ഏറ്റെടുത്ത് പകരം താമസസൗകര്യം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് ജില്ല കലക്ടര്‍ ഉറപ്പുനല്‍കിയതായി വടവുകോട്–പുത്തന്‍ കുരിശ് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചതോടെ നാട്ടുകാര്‍ പരിശോധനയുമായി സഹകരിച്ചു. താല്‍ക്കാലികമായി താമസസൗകര്യം ഒരുക്കിയ സ്ഥലത്തും ദുരിതപൂര്‍ണമാണെന്ന് നാട്ടുകാര്‍. വായുഗുണനിലവാരം അടക്കം പരിശോധിച്ചതിന്‍റെ റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.