കെണികൾ പലവിധമുണ്ട്. കെണിയൊരുക്കുന്നതിലെ വ്യത്യസ്ഥത അറിയണമെങ്കിൽ വൈറ്റില മൊബിലിറ്റി ഹബ്ബിൽ വന്നാൽ മതി. കുഴിക്കെണിയുടെ ആഴവും പരപ്പും സാധ്യതയുമറിഞ്ഞ് മടങ്ങാം. കോടികൾ ചെലവിട്ട് കൊട്ടിഘോഷിച്ച് നിർമിച്ച ഹബ്ബിൽ ആകെ ഇന്ന് കുഴിക്കെണികളാണ്.
നടുവൊടിയാതെ യാത്ര ചെയ്യാൻ ഭാഗ്യവും കുഴിയിൽ വീഴാതെ നടക്കാൻ നല്ല മെയ് വഴക്കവും വേണം. കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി പഴയ കട്ടകൾ ഇളക്കി മാറ്റിയിട്ട് ഒരു മാസം പിന്നിട്ടു. എന്നാൽ പൊളിച്ചുമാറ്റാൻ കാണിച്ച ആവേശമൊന്നും നേരെയാക്കാനില്ല. നൂറുകണക്കിന് യാത്രക്കാർ ദിവസേനയെത്തുന്ന ഹബ്ബിലെ യാത്ര ഇപ്പോൾ ഏറെ സാഹസികം.
ഒരു മാസത്തിലധികമായി പണി നടത്താനുള്ള കട്ടകൾ ഇവിടെ ഇങ്ങനെ ഇരിക്കുവാൻ തുടങ്ങിയിട്ട്. പണി പുനരാരംഭിക്കാത്തതിൽ സി എസ് എം എൽ അധികൃതരുടെ അനാസ്ഥയാണെന്നാണ് കൗൺസിലർ പറയുന്നത്. എന്തായാലും ഉത്തരവാദിത്തപ്പെട്ടവർ മൗനം പാലിക്കുമ്പോൾ ദുരിതത്തിൽ ആവുന്നത് സാധാരണക്കാരാണ്.