കൊച്ചി വൈറ്റിലയിലെ കുരുക്കഴിക്കാൻ ഗതാഗത മന്ത്രിയുടെ പുതിയ നീക്കം ഫലിക്കുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. വൈറ്റില മേൽ പാലത്തിന് താഴെയുള്ള കോൺക്രീറ്റ് തറകൾ പൊളിച്ചു മാറ്റുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. നിലവിലെ പാലം പരാജയമാണ് എന്ന് പറയുമ്പോൾ അത് സർക്കാരിന്റെ പരാജയം കൂടിയാണന്ന് കോൺഗ്രസ് ആരോപിച്ചു.
വൈറ്റില മേൽപ്പാലത്തിന് താഴെ റോഡിനേക്കാൾ കൂടുതലുള്ളത് കോൺക്രീറ്റിന്റെ ഈ തറകളാണ്. അഞ്ച് പ്രധാന റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ, ഏതു വഴി എങ്ങോട്ടേക്ക് പോകണം എന്നുള്ളത് സ്ഥിരം യാത്രക്കാർക്ക് പോലും നിശ്ചയമില്ല. ട്രാഫിക് പരിഷ്കാരങ്ങൾ പലതും നടപ്പാക്കി. ഓരോ തവണയും ഗതാഗതക്കുരുക്ക് കൂടിയതല്ലാതെ കുറഞ്ഞില്ല. ഇനിയെന്തു വേണം എന്നറിയാതെ നിൽക്കുമ്പോഴാണ് തറകൾ പൊളിച്ചുമാറ്റി പുതിയ പരിഷ്കാരം നടപ്പാക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. പാലം നിർമ്മിച്ചതിലെ അശാസ്ത്രീയതയും മന്ത്രി എടുത്തു പറയുന്നുണ്ട്. പുതിയ നീക്കം കൊണ്ട് ഫലം ഉണ്ടാകുമോ എന്ന് മന്ത്രിക്കും ഉറപ്പില്ല. എന്നാൽ, നിർമ്മിച്ച സർക്കാരിന് തന്നെയാണ് ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്വം എന്നാണ് കോൺഗ്രസിന്റെ ആരോപണം.
നിലവിൽ വൈറ്റില ജംഗ്ഷനിലെ ട്രാഫിക് സിഗ്നലുകളും പ്രവർത്തിക്കുന്നില്ല. ഇതുമൂലം ഗതാഗതക്കുരുക്ക് സഹിക്കാൻ പറ്റാത്ത രീതിയിലായി ഉയർന്നിട്ടുണ്ട്. രാത്രിയിലാണെങ്കിൽ പാഞ്ഞു വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ ഒരു പൊലീസുകാരൻ പോലുമില്ല. കുറഞ്ഞപക്ഷം ഇതെങ്കിലും വേഗം ശരിയാക്കണമെന്നാണ് യാത്രക്കാരുടെ അപേക്ഷ.