നിർമ്മാണപ്പിഴവ് ചൂണ്ടിക്കാണിച്ച് താമസക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഫ്ലാറ്റുകൾ പൊളിക്കാം എന്നും അതിനായി കളക്ടറുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കണം എന്നും ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ സമിതി രൂപീകരണ ചർച്ചകൾ നടന്നു വരികയാണ്. ഹൈക്കോടതി നിർദ്ദേശിച്ചവരല്ലാതെ, ആവശ്യമെങ്കിൽ കൂടുതൽ പേരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.
മരടിലെ ഫ്ലാറ്റുകൾ പൊളിച്ച അനുഭവം മുന്നിലുണ്ടെങ്കിലും ചന്ദർക്കുഞ്ച് ഫ്ലാറ്റിന്റെ പ്രത്യേകതകൾ പഠിച്ച ശേഷമായിരിക്കും പൊളിക്കൽ നടപടികൾ ആസൂത്രണം ചെയ്യുകയുള്ളൂ.
ഹൈക്കോടതി ഉത്തരവിന്മേൽ ഫ്ലാറ്റുടമകൾ ഉയർത്തിയ ചില ആശങ്കകൾ കളക്ടറുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. വാടക, പുതിയ ഫ്ലാറ്റിന്റെ ചെലവ് തുടങ്ങിയവയിലുള്ള സംശയങ്ങൾ ആദ്യ യോഗത്തിൽ തന്നെ ചർച്ച ചെയ്യും.
കളക്ടറുടെ അധ്യക്ഷതയുള്ള സമിതിയെ പ്രതീക്ഷയോടെ കാണുന്നുണ്ട് ഫ്ലാറ്റിലെ താമസക്കാർ. യോഗത്തിൽ ആശങ്കകൾ ചർച്ച ചെയ്തിട്ടും പരിഹാരം ആകുന്നില്ലെങ്കിൽ ഹൈക്കോടതി ഉത്തരവിനെതിരെ തുടർനടപടികൾ സ്വീകരിച്ചേക്കും.