അവധിക്കാലത്ത് താല്‍ക്കാലികമായി നിർത്തലാക്കിയ യാത്രാ പാസ് പുനഃസ്ഥാപിക്കാതെ വിദ്യാർഥികളോട് കൊച്ചി മെട്രോയുടെ ക്രൂരത. 600 രൂപയുടെ പാസിന് പകരം 2000 മുടക്കേണ്ടി വരുന്നതിൽ പരാതിയുമായി രക്ഷിതാക്കളും വിദ്യാർഥികളും. പാസ് പുനസ്ഥാപിക്കുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മെട്രോ അറിയിച്ചു.
വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ മെട്രോയിൽ സഞ്ചരിക്കാൻ ഏർപ്പെടുത്തിയ പാസാണ് 'വിദ്യാ 45'. 600 രൂപയുടെ പാസിന് 45 ദിവസം യാത്ര ചെയ്യാം. 50 രൂപയുടെ പാസ് എടുത്താൽ പരിധിയില്ലാതെ ഒരു ദിവസം ഉപയോഗിക്കാം.
പക്ഷേ, വേനലവധി തുടങ്ങുന്നതിന് തൊട്ടുമുൻപ് ഏപ്രിൽ ഒന്നിന് പാസുകൾ നിർത്തലാക്കി. സ്കൂൾ തുറന്ന് രണ്ടാഴ്ചയായിട്ടും പാസ് പുനസ്ഥാപിച്ചിട്ടില്ല. ഇതോടെ, മെട്രോയെ ആശ്രയിച്ചിരുന്ന വിദ്യാർഥികൾക്ക് ഒരു ദിവസം ടിക്കറ്റിനത്തിൽ മാത്രം ചെലവാകുന്നത് നൂറിലധികം രൂപ.
പാസ് നിർത്തലാക്കിയെന്ന് മെട്രോ അറിയിച്ചിരുന്നുവെങ്കിലും സ്കൂൾ തുറന്ന് പാസ്സ് പുതുക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് പലരും വിവരമറിഞ്ഞത്. ഇതോടെ, കൗണ്ടറിലെ ജീവനക്കാരുമായി വാക്കേറ്റമായി. കെ എം ആർ എല്ലിനും എംപിക്കും വിദ്യാർഥികളും രക്ഷിതാക്കളും പരാതിയും നൽകി. ആദ്യമായാണ് വിദ്യാർത്ഥികൾക്കുള്ള യാത്രാ ആനുകൂല്യം മെട്രോ പൂർണമായും നിർത്തലാക്കുന്നത്.