തെക്കന്‍ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ നടക്കുന്ന അനുഷ്ഠാന കലയായ കുത്തിയോട്ടത്തിലെ പാട്ടുകളെ കുറിച്ച് ഡോക്യുമെന്‍ററി തയ്യാറാക്കി എറണാകുളം മഹാരാജാസ് കോളജിലെ മലയാള വിഭാഗം അധ്യാപിക ഡോ.മഞ്ജു വി മധു. ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ അനേകം കുത്തിയോട്ടപ്പാട്ട് രചയിതാക്കള്‍ക്കുള്ള സമര്‍പ്പണമാണ് ഡോക്യുമെന്‍ററി.
പിതാവിന്‍റെ നാടായ ചെട്ടികുളങ്ങരയില്‍ നിന്നും മഞ്ജു ടീച്ചര്‍ കുട്ടിക്കാലം മുതലേ കേട്ടുപരിചയിച്ചതാണ് കുത്തിയോട്ടപ്പാട്ടുകള്‍. അഭീഷ്ട സിദ്ധിക്കായുള്ള വഴിപാടെന്ന നിലയിലാണ് കുത്തിയോട്ടം നടത്തപ്പെടാറുള്ളതെങ്കിലും അതിന്‍റെ കലാസൗന്ദര്യമാണ് മഞ്ജു ടീച്ചറെ ഏറെ ആകര്‍ഷിച്ചത്. കുത്തിയോട്ടം വെറും ആചാരമായി ഒതുങ്ങി പോകരുതെന്നും വരികളിലെ അതിശയിപ്പിക്കുന്ന കാവ്യഭംഗിയും അര്‍ഥത്തിന്‍റെ ആഴവും അടയാളപ്പെടുത്തണമെന്നുമുള്ള ആഗ്രഹമാണ് ഡോക്യുമെന്‍ററി തയ്യാറാക്കുന്നതിലേക്ക് നയിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും എഴുതപ്പെട്ട പാട്ടുകളെയാണ് 'കുത്തിയോട്ടപ്പാട്ടുകള്‍'എന്ന പതിനെട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയില്‍ പരാമര്‍ശിക്കുന്നത്. ആദ്യകാല കുത്തിയോട്ടപ്പാട്ട് രചയിതാക്കളെ ഉള്‍പ്പെടെ അനേകം ആചാര്യന്മാരെയും ഡോക്യുമെന്‍ററി പരിചയപ്പെടുത്തുന്നു. കേവലം സാഹിത്യ ചിന്ത എന്നതിനപ്പുറം കുത്തിയോട്ടപ്പാട്ടിന്‍റെ ചരിത്രശേഷിപ്പുകള്‍ വരും തലമുറക്കായി കാത്തുവയ്ക്കുകയാണ് മഞ്ജുടീച്ചര്‍.