​കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ രണ്ടുവര്‍ഷമായി വെട്ടിപ്പൊളിച്ചിട്ട പനമ്പിള്ളി  നഗര്‍–തേവര റോഡില്‍ കാര്‍ കുഴിയില്‍ വീണു. കൊച്ചി കോര്‍പറേഷന്‍റെ കടുത്ത അനാസ്ഥയ്ക്ക് ഉദാഹരണമായ റോഡില്‍ കാര്‍ യാത്രികയായ സ്ത്രീ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയായ റോഡിന്‍റെ മോശം അവസ്ഥ മനോരമ ന്യൂസ് റിപ്പോര്‍ട് ചെയ്തിരുന്നു.

ഈ കുഴിയില്‍  കിടക്കുന്നത് ഇന്നാട്ടിലെ ഒരു സാധാരണക്കാരനായ നികുതിദായകന്‍റെ കാറാണ്. രണ്ടുവര്‍ഷമായി പണിതിട്ടും പണിതിട്ടും തീരാത്ത റോഡില്‍ ഇന്നലെ രാത്രിയും പണിയായിരുന്നു. ജല്‍ജീവന് മിഷന്  വേണ്ടി എടുത്ത കുഴിയിലാണ് കാര്‍ വീണത്. റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലായിരുന്നു. ചോദിക്കാന്‍ നഗരസഭയോ മേയറോ ഇല്ലാത്ത കൊച്ചിയില്‍ അപകടത്തില്‍പ്പെടുന്നില്ലെന്നത് ഈ വഴി പോകുന്നവരുടെ മാത്രം ഉത്തരവാദിത്തമായി മാറിയെന്ന് മനോരമ ന്യൂസ് റിപ്പോര്‌‍ട് ചെയ്തിരുന്നു. 

കൊച്ചി പമ്പള്ളി നഗറില്‍നിന്ന് തേവരയ്ക്ക് പോകുന്ന നഗരഹൃദയഭാഗത്തുള്ള റോഡ് കൂടിയാണിത്.  കേന്ദ്ര സര്‍ക്കാരിന്‍റെ അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പിടീല്‍ പൂര്‍ത്തിയായി നാളുകളായിട്ടും റോഡിന്‍റെ അറ്റകുറ്റപ്പണി ഈ അവസ്ഥയിലാണ്. 

വാഹനയാത്രക്കാര്‍ക്ക് മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും യാത്ര ദുഷ്ക്കരം. റോഡ് നിര്‍മാണത്തിനായി കോര്‍പറേഷന്‍ കരാര്‍ നല്‍കിയിരുന്നു.  മെറ്റലിന്‍റെ ലഭ്യതക്കുറവ് കാരണമാണ് നിര്‍മാണം നിലച്ചതെന്ന് അധികൃതര്‍ വിശദീകരിക്കുമ്പോള്‍ ഈ റോഡില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ടാല്‍ ആര് സമാധാനം പറയും.

ENGLISH SUMMARY:

A car fell into a pit on the Panampilly Nagar-Thevara road in Kochi, a stretch that has been dug up for two years to lay drinking water pipelines. The incident highlights the severe negligence of the Kochi Corporation. The female driver of the car narrowly escaped serious injury. Manorama News had previously reported on the perilous condition of this road, which continues to pose a threat to commuters' lives.