വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുര വാതിൽ തുറക്കാൻ കൊമ്പൻ എറണാകുളം ശിവകുമാർ വീണ്ടും എത്തും. പാപ്പാന്റെ നിർദ്ദേശങ്ങൾ അണുവിട തെറ്റാതെ അവൻ അനുസരിക്കും. അങ്ങനെ ഒരു വശം ചെരിഞ്ഞു കിടന്ന് ശിവന്‍റെ നീരാട്ട് ആരംഭിച്ചു. തേച്ചു കുളിച്ച് , സുന്ദരൻ ആകുകയാണ് കൊമ്പൻ എറണാകുളം ശിവകുമാർ , ആരാധകരുടെ അഭിമാനഭാജനമാകാൻ.
ശാന്തശീലനും അല്പംപോലും കുറുമ്പ് കാണിക്കാത്തവനുമായ ഇവനാണ് എറണാകുളത്തപ്പന്റെ മാനസപുത്രൻ. കണ്ണിനും കാതിനും മനോഹാരിത നൽകിക്കൊണ്ട് പൂരത്തലേന്ന് നെയ്തലക്കാവിലമ്മയുമായി ശിവൻ ഓരോ അടി മുന്നോട്ടു വയ്ക്കുമ്പോഴും അതിനൊരു രാജകീയതയുണ്ട്. അഴകിയ ശിവനെന്നു പേരുകേട്ട ഈ ഗജവീരൻ അങ്ങോട്ടുമിങ്ങോട്ടും സാവധാനം തലയാട്ടി ചെവി താളത്തിൽ വീശി തുമ്പിക്കൈ ഉയർത്തി ഭക്തരെ വണങ്ങുമ്പോൾ കരഘോഷം മുഴങ്ങും. കുറ്റൂർ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ കൊമ്പൻ എറണാകുളം ശിവകുമാർ ഒരിക്കൽ കൂടി എത്തുകയാണ്. കണിമംഗലം ശാസ്താവിന് പൂര ദിവസം രാവിലെ പ്രവേശിക്കാൻ വേണ്ടിയാണ് തെക്കേ ഗോപുര വാതിൽ തലേന്ന് തുറന്നിടുന്നത്. തിങ്ങിനിറഞ്ഞ പൂരപ്രേമികൾക്കു നടുവിലൂടെ എറണാകുളം ശിവകുമാർ കാലങ്ങളായുള്ള ആചാരങ്ങളുടെ വാഹകനായി മാറുന്ന നിമിഷമാണത്. അതിനായാണ് പൂരപ്രേമികൾ കാത്തിരിക്കുന്നത്.
പൂര തലേന്ന് മാത്രമല്ല പൂര ദിവസവും എറണാകുളം ശിവകുമാർ എത്തും. ഇക്കൊല്ലം നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ നടന്നു വരുന്നതും കാത്ത് പൂരപ്പറമ്പിൽ ആയിരങ്ങൾ ഒത്തുകൂടും. അവിടെ ആരാധകരും ശിവകുമാറും തമ്മിൽ എന്തൊക്കെയോ തരത്തിലുള്ള ആശയവിനിമയമുണ്ട്. തിരിച്ചു സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും എറണാകുളം ശിവകുമാർ സ്വന്തം ശരീരഭാഷയിലൂടെ പ്രതികരിക്കും. ആ ഒത്തുകൂടലിനും കാഴ്ചയ്ക്കും ആശയവിനിമയത്തിനുമായി ഇനി ഏതാനും ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം