എറണാകുളം ഇരുമ്പനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം ടെര്‍മിനലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മെക്കാനിക്കായ യുവാവിന് ദാരുണാന്ത്യം. തകരാറായ ടാങ്കര്‍ ലോറിയുടെ അറ്റകുറ്റപ്പണിക്കിടെ തനിയെ നീങ്ങിയ മറ്റൊരു ടാങ്കര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി എരാടെയില്‍ വീട്ടില്‍ ജിഷ്ണു (23) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11.30ന് ഇരുമ്പനം എച്ച്പി ടെര്‍മിനലിലായിരുന്നു അപകടം. ടാങ്കര്‍ ലോറി തകരാറായതിനെ തുടര്‍ന്ന് സര്‍വ്വീസ് സെന്‍ററില്‍ നിന്ന് റിപ്പയര്‍ ചെയ്യാനെത്തിയതായിരുന്നു ജിഷ്ണു. കേടായ ടാങ്കറിനടിയില്‍ കിടന്ന് നന്നാക്കുന്നതിനിടെ എഥനോള്‍ കയറ്റി വന്ന മറ്റൊരു ടാങ്കര്‍ ഗേറ്റിലേക്കുള്ള റോഡില്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. ലോറി നിര്‍ത്തിയിട്ട ശേഷം രേഖകള്‍ കാണിക്കുന്നതിനായി ഡ്രൈവര്‍ സെക്യൂരിറ്റി കാബിനിലേക്ക് പോയ സമയത്താണ് അപകടമെന്നാണ് വിവരം.
ഡ്രൈവറില്ലാതിരുന്ന ഈ ടാങ്കര്‍ മുന്നോട്ടുരുണ്ട് എതിര്‍ദിശയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാനില്‍ ഇടിച്ചു. ഈ വാനും കൂടി പിന്നോട്ടുരുണ്ട് കേടായിക്കിടന്ന ടാങ്കറിനെ ഇടിച്ച് നീക്കി. ടാങ്കറിനടിയില്‍ കിടന്ന ജിഷ്ണുവിന്‍റെ ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. തലയ്ക്കും നെഞ്ചിനും പരുക്കേറ്റ ജിഷ്ണുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെത്തിട്ടുണ്ട്. ജിഷ്ണുവിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് നാലിന് നടക്കും.