ഇരുവൃക്കകളും തകരാറിലായതോടെ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് അങ്കമാലി കറുകുറ്റി സ്വദേശി എൻ കെ രാമചന്ദ്രൻ. കിടപ്പുരോഗിയായ അനിയനെയും കുടുംബത്തെയും കൂലിപ്പണി ചെയ്താണ് നോക്കിയിരുന്നത്. ഏക അത്താണിയായ രാമചന്ദ്രന് രോഗം ബാധിച്ചതോടെ രണ്ടുവർഷമായി തീരാദുരിതത്തിലാണ് വീട്.
കിടപ്പിലായ അനിയന്റെ ചികിത്സയ, മകളുടെ പഠനം, വീട്ടുകാര്യങ്ങൾ. രാമചന്ദ്രൻ കൂലിപ്പണി ചെയ്തു കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തിലാണ് വീട് കഴിഞ്ഞിരുന്നത്. രണ്ടുവർഷം മുൻപ് ബാധിച്ച വൃക്കരോഗം പരീക്ഷണങ്ങൾക്കുമേൽ പരീക്ഷണമായി.
ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയനാകണം. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ചികിത്സ മുന്നോട്ടുപോകുന്നത്.
പത്തുവർഷം മുൻപുണ്ടായ വാഹനാപകടത്തിലാണ് അനിയൻ രവീന്ദ്രൻ കിടപ്പിലായത്. ഏകമകൾ നിവേദിതയുടെ പഠനവും വഴിമുട്ടി. ഓരോ ദിവസവും എങ്ങനെ തള്ളിനീക്കണമെന്നറിയാതെ നിസ്സഹായവസ്ഥയിലാണ് കുടുംബം. സഹായകരങ്ങൾ തേടിയെത്തും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണിവർ.