എറണാകുളം കിഴക്കമ്പലത്തിനടുത്ത് പള്ളിക്കരയിൽ വാടകയ്ക്കെടുത്ത വീട്ടിൽ നായ്ക്കളെ കൂട്ടത്തോടെ വളർത്തുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ കലക്ടർ ഇടപെട്ടു. നായ്ക്കളെ വളർത്താൻ അനുമതി നേടിയിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലിൽ ആർഡിഒയോട് നടപടിയെടുക്കാനും മൃഗക്ഷേമ ബോർഡിനോട് പരിശോധന നടത്താനും നിർദേശിച്ചു. അറുപതിലധികം നായകളുണ്ടെന്നും ഷെൽട്ടർ ഹോം എന്ന നിലയിൽ അവയെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വീട് വാടകയ്ക്കെടുത്ത വീണ ജനാർദനൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കുന്നത്തുനാട് പഞ്ചായത്തിലെ പത്താംവാർഡ് വെമ്പിള്ളിയിൽ റോഡിനോട് ചേർന്ന് തെരുവുനായ്ക്കളെ കൂട്ടത്തോടെ വാടകവീട്ടിൽ താമസപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടക്കാരിയായ വീണ ജനാർദനൻ മൂന്നു മാസം മുൻപാണ് വീട് വാടകയ്ക്ക് എടുത്തത്. നായ്ക്കളുടെ കുരയും ദുർഗന്ധവും അസഹനീയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നായ്ക്കളെ പാർപ്പിക്കുമെന്ന് വീട്ടുടമയുമായുള്ള കരാറിൽ വ്യക്തമാക്കിയിരുന്നതായി ആരോപണങ്ങൾ നിഷേധിച്ച് വാടകക്കാരി വീണ പറയുന്നു. ഇന്നലെ പി.വി ശ്രീനിജിൻ എംഎൽഎയെ നായ്ക്കളെ താമസിപ്പിച്ചിരിക്കുന്ന വീട്ടിലേക്ക് കയറാൻ അനുവദിക്കാതെ വന്നതോടെ നാട്ടുകാർ പ്രതിഷേധിക്കുകയും വീടിന് ചുറ്റും മതിലിന് മുകളിൽ നിർമിച്ചിരുന്ന ഷീറ്റ് പൊളിച്ചു മാറ്റുകയും ചെയ്തു. ഇന്നും നാട്ടുകാർ വീടിന് മുന്നിൽ പ്രതിഷേധിച്ചു.സംഘർഷ സാഹചര്യം കണക്കിലെടുത്ത് പൊലീസ് എത്തി. നായ്ക്കളെ നാട്ടുകാർ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് വാടകക്കാരി വീണയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.