പതിറ്റാണ്ടുകളായുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തതിനാൽ കുടം ഉടച്ച് പ്രതിഷേധിച്ച് വൈപ്പിൻ നിവാസികൾ. കോടികൾ മുടക്കി നിർമിച്ച ടാങ്കുകൾ രണ്ടുവർഷമായി ഉപയോഗിക്കാത്തതിൽ പ്രതിഷേധിച്ചാണ് വൈപ്പിൻകാർ വീണ്ടും സമരത്തിന്നിറങ്ങിയത്.
എറണാകുളം ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫീസിന് മുന്നിലെ ഈ സമരത്തിന് പിന്നിൽ വർഷങ്ങളായുള്ള ദുരിതത്തിന്‍റെ കഥകളുണ്ട്. വൈപ്പിനിൽ പലയിടത്തും കുടിവെള്ളം കണി കാണാൻ കിട്ടാറില്ല. ഏറെക്കാലത്തെ സമരത്തിനൊടുവിൽ 6 കോടി മുടക്കി ഞാറയ്ക്കലും, നാല് കോടി ചിലവിൽ മുരുക്കുംപാടത്തും രണ്ട് വാട്ടർ ടാങ്കുകൾ നിർമിച്ചു. മന്ത്രിയെത്തി ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇൻസ്റ്റലേഷൻ പോലെ തുടരുകയാണ് ഈ ടാങ്കുകൾ. ഒരു തുള്ളി വെള്ളം ഇതുവരെ ടാങ്കിൽ എത്തിയിട്ടില്ല. ടാങ്കിലേക്ക് പൈപ്പ് ഇടാൻ വെറുതെ സംസ്ഥാനപാത കുത്തിപ്പൊളിച്ചത് മിച്ചം.
ആവശ്യത്തിന് ലഭിക്കാത്തതിനാൽ വെള്ളം തൊട്ട് തേയ്ക്കാൻ ഇവിടുത്തെ വീട്ടമ്മമാരും പഠിച്ചു. പരാതി പറച്ചിലും നിവേദനം സമർപ്പിക്കലും ഇവിടത്തുകാർക്ക് വലിയ തമാശയാണ്.