കൊച്ചി വൈറ്റില ചന്ദർ കുഞ്ച് ഫ്ലാറ്റ് പൊളിക്കുന്നതിൽ ജനറൽ ബോഡി യോഗം വിളിച്ച് ഫ്ലാറ്റ് ഉടമകളുടെ സംഘടന. ഈ മാസം 23ന് യോഗം കൂടിയ ശേഷം ഫ്ലാറ്റ് പൊളിക്കലിൽ നിലപാട് വ്യക്തമാക്കും. വാടക, പുതിയ ഫ്ലാറ്റിന്റെ ചെലവ് തുടങ്ങിയ ആശങ്കകൾ യോഗത്തിൽ ചർച്ചചെയ്ത് കളക്ടറെ അറിയിക്കാനാണ് തീരുമാനം.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതിയുടെ ആദ്യ യോഗത്തിൽ ഫ്ലാറ്റുടുടമകളെ പ്രതിനിധീകരിച്ഛ് പങ്കെടുത്തത് രണ്ടു പേർ. ഹൈക്കോടതി ഉത്തരവിൽ ഫ്ലാറ്റൂടമകൾക്കുള്ള അവ്യക്തതകൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഫ്ലാറ്റുകൾ നിർമ്മിച്ച ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം ആദ്യ യോഗത്തിൽ തന്നെ കളക്ടർ നടപ്പാക്കി., വാടക, പുതിയ ഫ്ലാറ്റുകളുടെ ചെലവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശങ്ക അകറ്റുകയാണ് ഇനി വേണ്ടത്. പൊളിക്കൽ നടപടികളിലേക്ക് കടക്കുന്നതിനു മുൻപേ തന്നെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഫ്ലാറ്റ് ഉടമകളുടെ ശ്രമം. എ ഡബ്ലിയു എച്ച് ഒ യുടെ എം ഡി പങ്കെടുക്കുന്ന അടുത്ത യോഗത്തിലും ആശങ്കകൾ അറിയിക്കും. ഇതുകൂടാതെ, റസിഡൻസ് അസോസിയേഷന്റെ ജനറൽ ബോഡിയോഗവും വിളിക്കുന്നുണ്ട്. പൊളിക്കാനുള്ള ബി സി ടവറുകളിലെ 208 ഫ്ലാറ്റ് ഉടമകളും യോഗത്തിൽ പങ്കെടുക്കും.
നാളെ കളക്ടർ അടങ്ങുന്ന സംഘം ഫ്ളാറ്റുകൾ സന്ദർശിക്കുന്നുണ്ട്. പൊളിക്കൽ നടപടികൾ ആസൂത്രണം ചെയ്യുന്നത് അതിനുശേഷം ആയിരിക്കും.