kochi

TOPICS COVERED

ഫാക്ടംഫോസ് ഉല്‍പാദനം നിലച്ചതിന് പിന്നാലെ അമോണിയത്തിന്‍റെ ഉല്‍പാദനവും അവസാനിപ്പിച്ച് ഫാക്ട്. വിവിധ വളം ഉല്‍പാദനത്തിനുള്ള പ്രധാന അസംസ്ക്യത വസ്തുക്കളില്‍ ഒന്നായ അമോണിയത്തിന്‍റെ ഉല്‍പാദനവും നിര്‍ത്തിയതോടെ അടച്ചു പൂട്ടല്‍ ഭീഷണിയിലേക്ക്  നീങ്ങുകയാണ് കമ്പനി. യുദ്ധത്തെ തുടര്‍ന്ന് അസംസ്ക്യത വസ്തുക്കളുടെ വില വര്‍ധവും ലഭ്യത കുറവുമാണ് ഫാക്ട് നേരിടുന്ന മറ്റൊരു  പ്രതിസന്ധി.

സംഭരണ ശേഷി പൂര്‍ണ തോതില്‍ എത്തിയതോടയാണ് അമോണിയ ഉല്‍‍പാദനം നിര്‍ത്തിയത്. യുദ്ധവും കേന്ദ്ര സര്‍ക്കാരിന്‍റ ഇറക്കുമതി നയവും മൂലം വളം ഉല്‍പാദിപ്പിച്ചാലും നഷ്ടം ഉണ്ടാകുന്ന സ്ഥിതിയാണ്. വളത്തിന് ഇറക്കുമതി അനുമതിയും സബ്സ്ഡിയും കേന്ദ്രം അനുവദിച്ചതാണ് വിപണിയില്‍ ഫാക്ടിന്‍റെ പ്രതിസന്ധിയുടെ പ്രധാന കാരണം. ഫാക്ടിലെ അപേക്ഷിച്ച് ഇറക്കുമതി ചെയ്യുന്ന വളങ്ങള്‍ക്ക് വിലയും കുറവാണ്. പ്രതിവര്‍ഷം മൂന്ന് ലക്ഷം ടണ്‍ ഉല്‍പാദിപ്പിച്ചിരുന്നതാണ് അമോണിയം സള്‍ഫേറ്റ് എന്നാല്‍, ഇപ്പോള്‍ നിര്‍മാണം പൂര്‍ണമായും നിര്‍ത്തി. ഫാക്ടിനാവശ്യമായ  അമോണിയ, സള്‍ഫര്‍, പ്രക്യതി വാതകം എന്നിവയുടെ പ്രധാന സ്രോതസുകള്‍ ഗള്‍ഫ് രാജ്യങ്ങളാണ്. യുദ്ധത്തെ തുടര്‍ന്ന് ചരക്കുകപ്പല്‍ നീക്കം തകിടം മറിഞ്ഞതാണ് മറ്റൊരു പ്രശ്നം. ഫാക്ടിന്‍റെ ഉദ്യോഗമണ്ഡല്‍ കോംപ്ലക്സില്‍ ഫാക്ടംഫോസ് ഉല്‍പാദനം നിലച്ചിട്ട് ആഴ്ചകളായി. കൊച്ചി ഡിവിഷനില്‍ ഉല്‍പാദനം പകുതിയാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫാക്ടിന്‍റെ നഷ്ടം  39.6 കോടിയായിരുന്നെങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 100 കോടിക്ക് മുകളിലാവാനാണ് സാധ്യത. എല്‍എന്‍ ജിയുടെയും സള്‍ഫറിന്‍റെയും വിലവര്‍ധനയും ഫാക്ടിനു താങ്ങാനാവുന്നില്ല. ഫാക്ട് ഉല്‍പാദിപ്പിച്ച 8000 ടണ്ണോളം അമോണിയം സള്‍ഫേറ്റ് വിപണിയിലെത്തിക്കാനാവാതെ കെട്ടികിടക്കുകയാണ്.

ENGLISH SUMMARY:

FACT company's ammonia production has ceased following the halt in Factamfos production, pushing the company towards a shutdown threat. This cessation of ammonia, a key raw material for various fertilizers, is exacerbated by rising raw material costs and supply chain disruptions due to ongoing conflicts.