കൊച്ചി കാക്കനാട് തെങ്ങോട് പൊല്ലക്കാട്ടിമലയിൽ മണ്ണിടിച്ചിൽ ഭീതിയിൽ 12 കുടുംബങ്ങൾ. സർക്കാർ പുറമ്പോക്ക് ഭൂമിയിലെ മൺതിട്ട ഇടിഞ്ഞതോടെ നാട്ടുകാരുടെ ആശങ്ക വർധിച്ചു. മൺതിട്ട നീക്കം ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചിട്ട് മൂന്നു വർഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.
പൊല്ലക്കാട്ടിമലയിൽ ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന മൺതിട്ടയോടു ചേർന്നു താമസിക്കുന്ന വയോധികയുടെ വാക്കുകളാണിത്. സർക്കാർ പുറമ്പോക്കിലെ ഉയർന്നുനിൽക്കുന്ന മൺതിട്ട ഓരോ മഴക്കാലത്തും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ചയും ഇതിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. മൺതിട്ട നീക്കം ചെയ്തോ സംരക്ഷണഭിത്തി നിർമിച്ചോ അപകടസാഹചര്യം ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിട്ട് മൂന്നു വർഷം കഴിഞ്ഞു.
പന്ത്രണ്ട് കുടുംബങ്ങൾ ആശ്രയിക്കുന്ന വഴിയോടു ചേർന്നാണ് ഈ മൺതിട്ട സ്ഥിതി ചെയ്യുന്നത്. മഴ പെയ്താൽ വീടിനു പുറത്തിറങ്ങാൻ പോലും ഭയക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. റവന്യൂ പുറമ്പോക്ക് ഭൂമിയായതിനാൽ ജില്ലാ ഭരണകൂടമാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. റവന്യൂ അധികൃതർ സ്ഥലത്ത് പരിശോധന നടത്തി മടങ്ങിയതല്ലാതെ നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മഴ ശക്തമാകുന്നതോടെ പ്രദേശവാസികളുടെ ആശങ്കയും ഏറുകയാണ്.