തൃശൂർ കൊടുങ്ങലൂരിലെ ഓട്ടിസം ബാധിതന്റെ കൊലപാതകത്തിൽ നടപടിയെടുത്ത് നഗരസഭ. സ്പെഷൽ സ്കൂൾ അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. പരിശോധനയിൽ സ്ഥാപനത്തിന് സാമൂഹ്യക്ഷേമ വകുപ്പിന്റെ അനുമതിയില്ലെന്നും നഗരസഭ.
ബുധനാഴ്ചയാണ് കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷൽ സ്കൂളിൽ പാലക്കാട് സ്വദേശി ശ്രീനാഥ് മർദനമേറ്റു മരിച്ചത്. ബഹളം വച്ചത് നിയന്ത്രിക്കുന്നതിനിടെ കെയർടേക്കർ മഹേഷ് പ്ലാസ്റ്റിക് കേബിൾ കൊണ്ട് മർദിച്ചു കൊലപ്പെടുത്തി. സ്ഥാപനത്തിൽ ഇടിമുറിയുണ്ടെന്നും നിരന്തരം മർദനമേറ്റ് അന്തേവാസികൾ ബഹളംവയ്ക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
പ്രതി മഹേഷിന് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി കൊടുങ്ങല്ലൂർ പൊലീസ് കണ്ടെത്തിയിരുന്നു. മൂന്നുമാസം മുന്നേയുണ്ടായ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്തേവാസികളെ കൊണ്ട് മറ്റു ജോലികൾ ചെയ്യിപ്പിച്ചിരുന്നതായും പ്രദേശവാസികൾ ആരോപിച്ചു. ഇതേത്തുടർന്ന് അടിയന്തര നടപടി എടുത്തിരിക്കുകയാണ് നഗരസഭ. കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സ്വദേശി മഹേഷ് ഇപ്പോൾ റിമാൻഡിലാണ്.