സംസ്ഥാനത്ത് കനത്ത മഴയില്‍ ഒരു മരണം. തൃശൂരില്‍ വീടിനു മുകളില്‍ മരംവീണ് യുവാവ് മരിച്ചു. തൃശൂർ മണലൂരിൽ മരംവീണ് തൃഷ്ണത്ത് വീട്ടിൽ വിഷ്ണുവാണ് മരിച്ചത്. വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിഷ്ണുവിൻറെ അമ്മയെ നേരത്തെ സമീപത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.
ആലപ്പുഴയിൽ കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഒരടിയോളം ഉയർന്നെങ്കിലും അപകട ഭീഷണിയോ വെള്ളപ്പൊക്ക ഭീഷണിയോ ഇല്ല. ദേശീയ പാതയുടെ സർവീസ് റോഡിനോടനുബന്ധിച്ച് നിർമിച്ച ഓടകളിലൂടെ വെള്ളം ഒഴുകാത്തതിനാൽ ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്. ആറാട്ടുപുഴ തൃക്കുന്നപ്പുഴ, വളഞ്ഞവഴി ഭാഗങ്ങളിൽ നേരിയ തോതിൽ കടലാക്രമണമുണ്ട്.
മലപ്പുറത്ത് മഴയുടെ ശക്തി കുറഞ്ഞു. പുഴകളിൽ അപകടകരമാം വിധം ജലനിരപ്പ് ഉയർന്നിട്ടില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും പഞ്ചായത്ത് പരിധിയിലെ ഒരു വിനോദസഞ്ചാര കേന്ദ്രവും തുറന്നുപ്രവർത്തിക്കില്ല.
തിരുവനന്തപുരത്ത് കടലേറ്റം അനുഭവപ്പെട്ട പെരുമാതുറ, വലിയതുറ മേഖലയിൽ ആറ് കുടുംബങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. നെയ്യാർഡാം, അരുവിക്കര ഡാം, പേപ്പാറ ഡാം എന്നിവിടങ്ങളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്.