palakkad

പാലക്കാട് ഒറ്റപ്പാലത്ത് കൗണ്‍സിലര്‍മാരുടെ ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം. നഗരസഭാ കൗണ്‍സില്‍യോഗം തര്‍ക്കത്തില്‍ പിരിഞ്ഞു. നഗരത്തിലെ ശുദ്ധജല പ്രതിസന്ധി പരിഹരിക്കാനായി ജലഅതോറിറ്റി ഉദ്യേഗസ്ഥരെ ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക യോഗമാണ് ബഹളത്തില്‍ കലാശിച്ചത്.

 

ആഴ്ചകളായി നഗരം നേരിടുന്ന ശുദ്ധജലപ്രതിസന്ധിക്ക് പരിഹാരം കാണാനായാണ് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നത്.  ജനപ്രതിനിധികള്‍ ഹാളിലേക്കെത്തിയതോടെ ഇരിപ്പിടത്തെ ചൊല്ലി വാക്കുതര്‍ക്കമായി. ഏകപക്ഷീയമായാണ് അംഗങ്ങളുടെ ഇരിപ്പിടങ്ങള്‍ തീരുമാനിച്ച് സ്റ്റിക്കര്‍ പതിച്ചതെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി. യ‍ു‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ക്രമം തെറ്റിച്ചിരുന്നതോടെ ചില അംഗങ്ങളുടെ ഇരിപ്പിടം നഷ്ട്ടമായി. പല കസേരകള്‍ക്കുമുകളിലും പേരിന് പകരം വെള്ളക്കടലാസ് ഒട്ടിച്ച നിലയിലാണ്. കൂടിയാലോചനകള്‍കൂടാതെ ക്രമം തെറ്റിച്ചാണ് കസേരകള്‍ ക്രമീകരിച്ചതെന്നാണ് യുഡിഎഫ് ആരോപണം.

 

യുഡിഎഫ് നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍ കഴിഞ്ഞാല്‍ വാര്‍ഡ് ക്രമത്തിലാണ് സീറ്റ് സജ്ജീകരിച്ചതെന്ന് നഗരസഭാ ഉപാധ്യക്ഷന്‍.

ജനങ്ങളെ ബാധിക്കുന്ന പ്രശ്നം ചര്‍ച്ചനടത്താനുള്ള അവസരം അട്ടിമറിച്ചെന്നാണ് ബിജെപിയുടെ ആരോപണം. കൗണ്‍സില്‍ ഹാളിലെ ഇരിപ്പിടത്തിന്‍റെ പേരില്‍  ഒരു മണിക്കൂറോളം പരസ്പരം തര്‍ക്കിച്ചാണ് യോഗം പിരിഞ്ഞത്. അതോടെ ശുദ്ധജലപ്രതിസന്ധിക്ക് പരിഹാരവുമുണ്ടായില്ല.

ENGLISH SUMMARY:

Ottapalam municipal council meeting was disrupted due to a dispute over councillor seating arrangements. This incident prevented discussions on the ongoing severe water crisis in the town.