വേമ്പനാട്ട് കായലിലും പുഴകളിലും വേലിയേറ്റം ശക്തമായതോടെ കോട്ടയം വൈക്കത്ത് ആയിരത്തോളം കുടുംബങ്ങൾ വെള്ളക്കെട്ടിൽ. വെച്ചൂർ മുതൽ മുറിഞ്ഞപുഴ വരെയുള്ള തീരമേഖലയിലാണ് ശക്തമായ വൃശ്ചിക വേലിയേറ്റത്തിൽ വെള്ളം കയറുന്നത്.
തണ്ണീർമുക്കം ബണ്ട് അടച്ചതോടെ ഉദയനാപുരം നേരെകടവ് മേഖലയിൽ വേലിയേറ്റത്താൽ ദുരിതം ഇരട്ടിയായി. പുലർച്ചെ നാലിന് തുടങ്ങി രാവിലെ എട്ടുവരെ ആയിരത്തോളം വീടുകളാണ് ഉപ്പുവെള്ളത്തിൽ നിറയുന്നത്. വീടുകളും വാഹനങ്ങളും മലിനജലം നിറഞ്ഞ് നശിക്കുന്നു. ഉദയനാപുരം നേരെകടവ്റോഡ് ഒന്നര കിലോമീറ്റർ ദൂരത്തിൽ ഉപ്പുവെള്ളം കയറും. സ്കൂളിലേക്ക് കുട്ടികൾക്ക് പോകാനും പറ്റുന്നില്ല. ശുചിമുറി ടാങ്കുകളും കിണറുകളുമെല്ലാം ഉപ്പുവെള്ളത്തിലാകുന്നു. പകർച്ചവ്യാധി ഭീഷണിയും ഉയരുന്നു.
ഇടതോടുകൾ മാലിന്യം നിറഞ്ഞതും കായലിൻ്റെ ആഴം കുറഞ്ഞതുമാണ് വെള്ളക്കെട്ടിന് പ്രധാനകാരണം. മാർച്ച് മാസം വരെ വേലിയേറ്റം തുടരുമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.