കുടിവെള്ള വിതരണത്തിനായി റോഡുകൾ വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചതോടെ ഇടുക്കി മുട്ടം ഈരാറ്റുപേട്ട റോഡിൽ യാത്രാ ദുരിതം രൂക്ഷം. 140 കോടി ഫണ്ട് മുടങ്ങിയതോടെ രണ്ട് വർഷം മുമ്പ് കരാറുകാരൻ പിന്മാറി. ദുരിതത്തിലായ നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.
റോഡിലെ കുഴി അടച്ച് പൊടി ഒഴിവാക്കി തരണമെന്ന നാട്ടുകാരുടെ പരാതിക്ക് വാട്ടർ അതോറിറ്റി കണ്ടെത്തിയ പരിഹാര മാർഗമാണിത്. മീനച്ചിൽ ജലവിതരണ പദ്ധതിക്ക് പൈപ്പിടുന്നതിനായി 2024 ഫെബ്രുവരിയിൽ റോഡ് വെട്ടിപ്പൊളിച്ചു. വലിയ ആഘോഷത്തോടെ പൈപ്പിടൽ തുടങ്ങിയെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. ദുരിതം മാത്രം ബാക്കി.
ഇരുചക്ര വാഹന യാത്രികർ കുഴിയിൽ വീണ് പരുക്കേൽക്കുന്നത് പതിവായതോടെ വിവിധ സംഘടനകൾ സമരം നടത്തി. പക്ഷേ പണം കിട്ടാതെ പണിയില്ലയെന്ന നിലപാടിലാണ് കരാറുകാർ. ഈ മാസം കുടിശ്ശിക തീർക്കാമെന്ന സർക്കാർ വാഗ്ദാനം പാഴായാൽ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.