ഒടുവിൽ ഓജോയ്ക്ക് തൻ്റെ വീട്ടുകാരെ കിട്ടി. കഴിഞ്ഞദിവസം കൊച്ചി നഗരത്തിൽ ആളുകളെ ഭീതിയിലാഴ്ത്തിയ പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ. മനോരമ ന്യൂസ് വാർത്തയാണ് ഓജോയിലേക്ക് വീട്ടുകാരെ എത്തിച്ചത്.
തിരക്കേറിയ റോഡിലും, പിന്നീട് റെസ്ക്യൂ ഹോമിലുമായി ഏതാനും ദിവസങ്ങൾ. ഒടുവിൽ ഓജോ തൻ്റെ കുടുംബത്തിലേക്ക് തിരികെയെത്തി. നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്ന് ഭീതി പടർത്തിയ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെക്കുറിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയാണ് കൊച്ചി പള്ളിമുക്ക് സ്വദേശി ജയദേവനെയും മകനെയും എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
നഗരത്തിൽ കറങ്ങി നടന്നിരുന്ന ഓജോയെ കൊച്ചി സുഭാഷ് പാർക്കിൽ നിന്നും ഞായറാഴ്ചയാണ് പിടികൂടിയത്. ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നായിരുന്നു സംശയം. ജയദേവനും കുടുംബത്തിനും ഓജൊയെ തിരച്ച് കിട്ടിയെങ്കിലും നായയെ വളർത്തുന്നവർക്ക് ഇതൊരു പാഠമാണ്. കൃത്യമായ റജിസ്ട്രേഷനോ, മൈക്രാ ചിപ്പോ ഇല്ലാത്ത നായ്ക്കളെ നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്ന പാഠം.