സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ എസ്.ഡി സ്കേപ്സിന് കൊച്ചിയിൽ ഗംഭീര തുടക്കം. കളമശേരി സുന്ദരഗിരിയിലാണ് 43,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മൾട്ടിപർപ്പസ് സ്റ്റുഡിയോ ബിൽഡിങ്ങുകൾ സാക്ഷാത്കരിച്ചത്. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
കീബോർഡിലും പിയാനോയിലും മാന്ത്രിക സ്പർശമിട്ട സ്റ്റീഫൻ ദേവസി ഇനി സംരംഭകൻ. ഏഴ് ഏക്കറിൽ പരന്നുകിടക്കുന്ന SD SCAPES കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ ഫ്ളോറായാണ് സ്റ്റീഫൻ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ മകൾ പ്രധാന കഥാപാത്രമാകുന്ന തുടക്കമെന്ന സിനിമയാണ് സ്റ്റുഡിയോയിൽ ആദ്യമായി ചിത്രീകരിക്കുക. നിറസാന്നിധ്യമായി എത്തിയ നടൻ മോഹൻലാൽ സ്റ്റീഫന് ആശംസയുമായി പിയാനോയിൽ വിരൽ മീട്ടി.
മന്ത്രി പി രാജീവിന് പുറമെ ഹൈബി ഈഡൻ എംപി, MMTV CEO പി ആർ സതീഷ് , MMTV ചീഫ് കൊ-ഓർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു , രമേഷ് പിഷാരടി, ഇടവേള ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.