കൊച്ചി കളമശ്ശേരിയിൽ നിന്ന് ബസ് കയറുന്നവർക്ക് ഇനിമുതൽ ചൂടിനെ പേടിക്കേണ്ട. എച്ച്.എം.ടി ജംക്ഷനിൽ നിർമിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പൂർണമായി ശീതീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു നൽകി. നിപ്പോൺ ടൊയോട്ടയുടെ സഹകരണത്തോടെ നിർമിച്ച കാത്തിരിപ്പ് കേന്ദ്രം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
പൊലീസ് സ്റ്റേഷനിലേയ്ക്ക് കണക്റ്റ് ചെയ്തിരിക്കുന്ന സിസിടിവി കാമറകൾ, മ്യൂസിക് സംവിധാനം, മൊബൈൽ ചാർജിങ് പോയിന്‍റുകൾ തുടങ്ങിയവയാണ് ഈ അത്യാധുനിക എ.സി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ പ്രത്യേകതകൾ. കൂടാതെ സൗജന്യ വൈഫൈ സൗകര്യവും ഉപയോഗിക്കാം. നിപ്പോൺ ടൊയോട്ട സി.എസ്.ആർ ഫണ്ട് വിനിയോഗിച്ചാണ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ നിർമാണം.
എച്ച്.എം.ടി ജംക്ഷനിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണത്തോടെ ആലുവ, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് പുതിയ കാത്തിരിപ്പ് കേന്ദ്രം ഒരേ സമയത്ത് ഉപയോഗിക്കാനാകും. കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ സമീപത്തായി വായനശാല, പാർക്കിങ് സൗകര്യം, കംഫർട്ട് സ്റ്റേഷൻ തുടങ്ങിയവ നിർമിക്കാനാണ് തീരുമാനം.