ദേശീയപാത നിർമാണത്തിന്‍റെ പേരിൽ പറവൂരിൽ പുഴയോരത്തു നിന്ന് അനധികൃതമായി മണ്ണെടുക്കുന്നതായി പരാതി. മഹാപ്രളയത്തിൽ പൂർണമായും വെള്ളത്തിനടിയിലായ ദുരനുഭവമുള്ള പ്രദേശത്ത് കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് നടത്തുന്ന മണ്ണെടുപ്പ് ഒരു ഗ്രാമത്തിന്‍റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാക്കുകയാണ്.
പറവൂർ മാഞ്ഞാലി പാലത്തിന് സമീപത്തു നിന്നാണ് മണ്ണെടുക്കുന്നത്. പുഴയിൽ നിന്ന് കഷ്ടിച്ച് അഞ്ച് മീറ്റർ അകലെ ജലനിരപ്പിനേക്കാൾ താഴ്ന്ന പ്രദേശത്തു നിന്ന്. മണ്ണെടുക്കാൻ പഞ്ചായത്തിന്‍റെ അനുമതി തേടിയിട്ടില്ലെന്ന് വാർഡ് മെമ്പർ പറയുന്നു.
പെരിയാറിനും ചാലക്കുടിപ്പുഴയ്ക്കും മധ്യേ ജലനിരപ്പിനേക്കാൾ താഴ്ന്ന തേലത്തുരുത്തെന്ന ഗ്രാമത്തിന്‍റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. 2018ലെ മഹാപ്രളയത്തിൽ പ്രദേശമാകെ വെള്ളത്തിനിടിയിലായിരുന്നു. അന്ന് സിപിഎം പ്രവർത്തകർ മണ്ണെടുപ്പ് തടയാനെത്തി എന്ന് നാട്ടുകാരിലൊരാള്‍ വ്യക്തമാക്കി. നാട്ടുകാരുടെ പ്രതിഷധത്തെ തുടർന്ന് പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.