നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിനെ നേരിടാൻ പറവൂരിൽ വി.എസ്.സുനിൽ കുമാർ വരുമോ? ശക്തനായ സ്ഥാനാർഥിയെത്തിയാൽ പറവൂരിൽ മാറ്റം ഉണ്ടാകും എന്ന ആലോചനയുടെ അടിസ്ഥാനത്തിലാണ് പാർട്ടി നേതൃത്വത്തിന്റെ ആലോചന. അടിസ്ഥാന വോട്ട് ഉണ്ടായിട്ടും പറവൂരിൽ പലപ്പോഴും മത്സരം ഏകപക്ഷീയമാകുന്നത് സ്ഥാനാർഥി നിർണയത്തിലെ പോരായ്മയും ദൗർബല്യവും ആണെന്ന വിലയിരുത്തലും നേതൃത്വത്തിൽ ഉണ്ട്.
ഇടതുസ്വഭാവം മണ്ഡലത്തിനുണ്ടായിട്ടും അതുമുതലാക്കാൻ കഴിയുന്നില്ല എന്ന വിമർശനം പറവൂരിനെ കുറിച്ചുപറയുമ്പോൾ സിപിഐയിൽ ഉണ്ട്. ആ വിമർശനം മറികടക്കാനും ശക്തമായ മത്സരം കാഴ്ചവയ്ക്കാനുമാണ് ഇത്തവണ സിപിഐ ഒരുങ്ങുന്നത്. ജില്ലയിൽ നിന്നുള്ള പലപേരുകൾ ഉണ്ടെങ്കിലും അവരൊന്നും പ്രതിപക്ഷനേതാവിന് ഒത്ത എതിരാളിഅല്ലെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. അതുകൊണ്ടാണ് മത്സരിക്കാൻ ഇളവുകൾ നൽകി വിഎസ് സുനിൽ കുമാറിനെ കൊണ്ടുവരാൻ പാർട്ടി ആലോചിക്കുന്നത്.
ഇക്കാര്യം സിപിഐ ഗൗരവമായി പരിഗണിക്കുകയും ചെയ്യുന്നു. മണ്ഡലത്തിൽ വികസനമുരടിപ്പ് എന്ന വിഷയമുയർത്തി, നിലവിൽ ലൈം ലൈറ്റിൽ നിൽക്കുന്ന സുനിൽകുമാറിനെ കൊണ്ടുവന്നാൽ മാറ്റം ഉണ്ടാകുമെന്നും സിപിഐ കണക്കുകൂട്ടുന്നു. വികസനക്കാരിത്തിൽ പറവൂർ അത്ര പോര എന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെ ഉണ്ടെന്നാണ് സിപിഐ വിലയിരുത്തൽ.
പറവൂരിൽ നീറി നിൽക്കുന്ന പ്രാദേശിക വിഭാഗീയതയ്ക്ക് സുനിൽ കുമാറിന്റെ വരവിലൂടെ പരിഹാരം കാണാം എന്ന ചിന്തയും നേതൃത്വത്തിനുണ്ട്. എല്ലാവരെയും ഒന്നിച്ചുനിർത്തി പറവൂരിലെ വിഭഗീയത അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസംചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കർശന നിർദ്ദേശം നൽകിയതും ഇതുകൊണ്ടൊക്കെ തന്നെ ആണ്. പഴയ ഇസ്മയിൽ പക്ഷക്കാരൻ പറവൂരിൽ എത്തിയാൽ ഗുണകരമായമാറ്റവും സിപിഐ പ്രതീഷിക്കുന്നു.
മണ്ഡലത്തിൽ വിഭാഗീയതക്ക് കാരണം ഇസ്മയിൽ പക്ഷത്തിനൊപ്പം നിന്ന മുൻ ജില്ലാസെക്രട്ടറി പി രാജുവിനോടുള്ള എതിർപ്പായിരുന്നു. ആ നിലയ്ക്ക് സുനിൽകുമാറിനെക്കൊണ്ടുവന്നാൽ ഇരുവിഭാഗത്തിന്റെ ഏകീകരണവും സാധ്യമാകും എന്ന രാഷ്ട്രീയവും നീക്കത്തിന് പിന്നിൽ ഉണ്ട്. അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ചർച്ചകൾ പ്രാദേശിക തലം മുതൽ സജീവമാണ്.