കോട്ടയത്ത് എംജി സർവകലാശാല ക്യാംപസിലെ പാടലീപുത്രം കെട്ടിടത്തെച്ചൊല്ലി വിവാദം. ഒരുവിഭാഗം വിദ്യാർഥികൾ കെട്ടിടത്തിൽ അനധികൃതമായി താമസിക്കുന്നതായാണ് പരാതി. സർവകലാശാലയുടെ ഹോസ്റ്റൽ കെട്ടിടങ്ങളുടെ പട്ടികയിൽ ഇല്ലാത്തതാണ് പാടലീപുത്രമെന്ന് മനോരമ ന്യൂസിന് ലഭിച്ച വിവരാവകാശ രേഖയിലും വ്യക്തമാണ്. പാടലീപുത്രം എസ്എഫ് ഐയുടെ താവളമാണെന്നാണ് കെഎസ്‌യു ആരോപണം.
എംജി സർവകലാശാല ക്യാംപസിനുള്ളിലെ പാടലീപുത്രം എന്ന പേരുളള കെട്ടിടം സർവകലാശാലയുടെ ഹോസ്റ്റൽ കെട്ടിടങ്ങളുടെ പട്ടികയിൽ ഇല്ലാത്തതാണെങ്കിലും ഇവിടെ അനധികൃതമായി ഒരു വിഭാഗം വിദ്യാർഥികൾ താമസിക്കുന്നു. വിവരാവകാശ നിയമ പ്രകാരം കഴിഞ്ഞ ഡിസംബറിൽ സർവകാലാശാല നൽകിയ മറുപടിയിലും
ഹോസ്റ്റൽ കെട്ടിടങ്ങളിൽ പാടലീപുത്രം ഇല്ല.
പിന്നെ എന്തിനുവേണ്ടിയാണ് കെട്ടിടം ഉപയോഗിക്കുന്നത് സർവ്വകലാശാലയും അന്വേഷിക്കുന്നില്ല. ഇത് എസ്എഫ്ഐയുടെ താവളമാണെന്നാണ് കെഎസ്‌യു ആരോപണം. അർഹതപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ഈടാക്കി കെട്ടിടം നൽകണമെന്ന് വിദ്യാർഥികളുടെ ആവശ്യം
അതിഥികൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് കെട്ടിടമെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. ആരോപണം അടിസ്ഥാനരഹിതമാണെന്നും എസ്എഫ്ഐക്കാർക്ക് മാത്രമായി ക്യാമ്പസിൽ ഇങ്ങനെ ഒരു കെട്ടിടം ഇല്ലെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡൻറ് യൂണിറ്റ് ബി. ആഷിക് മനോരമ ന്യൂസിനോട് പറഞ്ഞു