ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് രണ്ടാഴ്ചയായി കുടിവെള്ളമില്ലാതെ കൊച്ചി കോതാട് ദ്വീപ് നിവാസികൾ. പൈപ്പ് നന്നാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കും. കടമക്കുടി പഞ്ചായത്ത് ബദൽ സംവിധാനം ഏർപ്പെടുത്താത്തതിനാൽ 1200 കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ദുരിതത്തിലാണ്.

10 വർഷമായി മുപ്പത്തടം കുടിവെള്ള പദ്ധതിയാണ് കോതാട് ദ്വീപുകാരുടെ ആശ്രയം. സമീപത്തെ ദ്വീപായ പിഴലയിലെ ജലസംഭരണിയിൽ നിന്നും പെരിയാറിനു കുറുകെ ഇട്ട പൈപ്പിലൂടെയാണ് വെള്ളമെത്തുന്നത്. പക്ഷേ രണ്ടാഴ്ചയായി, ദ്വീപിലേക്ക് വെള്ളം എത്തുന്നില്ല. നാട്ടുകാരുടെ നിരന്തര പരാതിക്കൊടുവിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കുടിവെള്ളമെത്തിക്കുന്ന പൈപ്പിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. 

പൈപ്പ് വെള്ളത്തിനടിയിൽ ആയതിനാൽ, പൊട്ടിയ ഭാഗം അടയ്ക്കാൻ ദിവസങ്ങൾ വേണ്ടി വന്നേക്കാം. കുടിവെള്ളം എത്തിക്കാൻ ബദൽ സംവിധാനം കടമക്കുടി പഞ്ചായത്ത് ഏർപ്പെടുത്താത്തിനാൽ 900 രൂപ നിരക്കിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കേണ്ട ഗതികേടിലാണ് കുടുംബങ്ങൾ.

കുടിവെള്ളം മുടങ്ങിയതോടെ ദ്വീപിൽ വാടകയ്ക്ക് താമസിക്കുന്നവർ വീട് ഒഴിഞ്ഞു. കോതാടിനു പുറമേ മൂലമ്പിള്ളിയിലെ രണ്ടു വാർഡുകളിലും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. പൈപ്പ് ശരിയാക്കുന്നതുവരെ പച്ചാളം പമ്പ് ഹൗസിൽ നിന്ന് വെള്ളം എത്തിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. 

ENGLISH SUMMARY:

Despite being surrounded by water, over 1,200 families in Kothad Island, Kochi, have been facing a severe drinking water crisis for the past two weeks. The issue stems from a damaged pipeline connected to the Muppathadam water supply scheme, which sources water from the Periyar River through Pizhala Island. Due to the pipe being submerged, repair work is delayed, and the Kadamakkudy Panchayat has failed to provide an alternative arrangement. Families are now forced to buy water via private tankers at ₹900 each. Many tenants have already vacated the island, and nearby areas like Mulavukad also report similar water shortages.