സംസ്ഥാന സർക്കാരിന്റെ വൈക്കം വെള്ളൂരിലെ പേപ്പർ മില്ലുണ്ടാക്കുന്ന മാലിന്യ പ്രശ്നത്തിനെതിരെ സമര പ്രഖ്യാപനവുമായി സി.പി.എം. കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ് പുറന്തള്ളുന്ന മാലിന്യം കൊണ്ട് അഞ്ചു പഞ്ചായത്തുകളിൽ മൂവാറ്റുപുഴയാർ മലിനീകരിക്കപ്പെട്ടതായാണ് പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ പരാതി
അഞ്ചു പഞ്ചായത്തിലെ ആയിരക്കണക്കിനാളുകൾ ഉപയോഗിക്കുന്ന പുഴവെള്ളത്തിൽ തൊട്ടാൽ തന്നെ രോഗബാധ ഉണ്ടാകുന്ന അവസ്ഥയായതോടെയാണ് സി.പി.എമ്മിന്റെ സമര പ്രഖ്യാപനം. മറവന്തുരുത്ത് ചുങ്കത്തെ മാലിന്യം നിറഞ്ഞൊഴുകുന്ന പുഴയോരത്താണ് സി.പി.എം പ്രതിഷേധ സമരത്തിന് തുടക്കമിട്ടത്. പുഴ മലിനമാക്കി കെ.പി.പിഎല്‍ പ്രവർത്തിക്കേണ്ടന്ന് സി.പി.എം.
സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കത്തിനിടെ കേന്ദ്രസർക്കാരിന്റെ പൊതുമേഖലാസ്ഥാപനമായിരുന്ന എച്ച്.എന്‍.എല്‍ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കെ.പി.പിഎല്‍ ആയി പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ മാലിന്യം തള്ളലിനെതിരെ പരാതി ഉയർന്നതാണ്. 5 പഞ്ചായത്തിന്റെ പ്രതിനിധികൾ വിവരം മാനേജ്മെന്റിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല
വേനൽ കടുത്ത് പുഴവെള്ളം കുറഞ്ഞ് തുടങ്ങിയതോടെയാണ് മാലിന്യത്തിന്റെ രൂക്ഷത പ്രകടമായി തുടങ്ങിയത്. കെ.പി.പിഎല്ലിലെ തൊഴിലാളി പ്രശ്നങ്ങളിൽ മാനേജ്മെന്റിനെതിരെയും സർക്കാരിനെതിരെയും സി.പി.എം ഉയർത്തിയ വിമർശനങ്ങൾ നിലനിൽക്കെയാണ് മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധം.