കൊച്ചിയില്‍ കടലിനെ വിറപ്പിച്ച കൊള്ളക്കാരെ വരിഞ്ഞു മുറുക്കി കോസ്റ്റ് ഗാര്‍ഡ്. തീര സുരക്ഷയുടെ ഇരുമ്പുമറ തീര്‍ത്ത കരുത്തിന് സാക്ഷിയായി ഗവര്‍ണര്‍. 49മത് സ്ഥാപനദിനാഘോഷത്തില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ വളര്‍ച്ചയും ശേഷിയും അടയാളപ്പെടുത്തുന്ന അഭ്യാസപ്രകടനം അരങ്ങേറി.
കടല്‍ അതിര് കാത്ത കരുത്തിന്‍റെ അഞ്ചു പതിറ്റാണ്ടുകള്‍. കോസ്റ്റ് ഗാര്‍ഡിന്‍റെ 49മത് റെയ്സിങ് ഡേ ആഘോഷം കൊച്ചിയില്‍ നടന്നത് സമര്‍ഥ് എന്ന കപ്പലിലായിരുന്നു. അതിഥിയായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍.
1977ല്‍ തുടങ്ങിയ തീരസംരക്ഷണ സേനയുടെ കുതിപ്പിന്‍റെ അടയാളപ്പെടുത്തലായ അഭ്യാസപ്രകടനങ്ങള്‍. ഗവര്‍ണറെ കോസ്റ്റ് ഗാര്‍ഡ് കേരള കമാന്‍ഡര്‍ DIG എന്‍ രവി അനുഗമിച്ചു. കടലിലെ തിരച്ചില്‍, രക്ഷാദൗത്യം, കൊള്ളക്കാരെ നേരിടല്‍, മലിനീകരണ ഭീഷണി നേരിടല്‍ എന്നിവയുടെ അവതരണം നടന്നു. കോസ്റ്റ് ഗാര്‍ഡിന്‍റെ സമര്‍ഥ്, സക്ഷം, അര്‍ണവേഷ്, അഭിനവ്, ഉര്‍ജപ്രവാഹ എന്നീ യാനങ്ങളും ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളും അഭ്യാസപ്രകടനത്തിന്‍റെ ഭാഗമായി.