1200 ക്വിന്റല്‍ നെല്ല് പാടശേഖരത്തിൽ കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

ആലപ്പുഴ തകഴിയിൽ 1200 ക്വിന്റല്‍ നെല്ല് സംഭരിക്കാതെ പാടശേഖരത്തിൽ കെട്ടിക്കിടക്കുന്നു . കുന്നുമ്മ നാനൂറ് പാടശേഖരത്തിലെ കർഷകർക്കാണ് പ്രതിസന്ധി.ഒരു ക്വിൻ്റൽ നെല്ലിന് 12 കിലോ കിഴിവ് നൽകണമെന്ന മില്ലുടമകളുടെ ആവശ്യമാണ് സംഭരണം വൈകുന്നതിന് കാരണം. 

നാൽപ്പത്തഞ്ചോളം കർഷകരുടെ അധ്വാനമാണ് പാടത്ത് കിടക്കുന്നത്. തകഴി കൃഷിഭവൻ പരിധിയിലെ കുന്നുമ്മ നാനൂറ് പാടത്ത് കൊയ്ത്ത് കഴിഞ്ഞിട്ട് രണ്ടാഴ്ചയായി . കരിനില മേഖലയായ ഇവിടെ വെയിലും മഴയുമേറ്റ് നെല്ല് പാടത്ത് കിടക്കുകയാണ്. ഇതു വരെയും നെല്ല് സംഭരണം നടന്നിട്ടില്ല. 12 കിലോ കിഴിവ് നൽകണമെന്നാണ് മില്ലുടമകളുടെ ആവശ്യം.കനത്ത നഷ്ടമുണ്ടാകുമെന്നതിനാൽ ഇത് അംഗീകരിക്കാൻ കർഷകർ തയാറല്ല.

അപ്പർ കുട്ടനാടൻ മേഖലയിൽ ഏറ്റവും ഒടുവിൽ വിളവെടുപ്പ് നടന്ന പാടശേഖരമാണിത്. 140 ഏക്കറാണ് വിസ്തൃതി. കർഷകരെ സമ്മർദ്ധത്തിലാക്കി പരമാവധി കിഴിവ് നേടാനുള ശ്രമത്തിലാണ് സംഭരണം നടത്തുന്ന മില്ലുടമകൾ. 

തങ്ങൾക്ക് ദോഷകരമായ കിഴിവ് സമ്പ്രദായം തന്നെ ഇല്ലാതാക്കണമെന്നാണ് കർഷകരുടെ ആവശ്യം. സംഭരണത്തിന് കൃത്യമായ മാനദണ്ഡങ്ങൾ കൃഷി വകുപ്പും സപ്ളൈകോയും ഉറപ്പാക്കണമെന്നും കർഷകർ പറയുന്നു. ന്യായമായ കഴിവ് നൽകാൻ കർഷകർ തയാറാണ്. ചൂഷണം അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്. രണ്ടാഴ്ചയായിട്ടും നെല്ല് സംഭരണം നടക്കാത്തതിൽ കർഷകർ പ്രതിഷേധിച്ചു. 

Farmers in crisis in Thakazhi