തൃശൂരിൽ സുകുമാർ അഴീകോടിന്റെ സ്മാരക മന്ദിരം ഉദ്ഘാടനം കഴിഞ്ഞിട്ടും പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നില്ലെന്ന് ആരോപണം. ഈ വർഷം ജനുവരിയിൽ ഉദ്ഘാടനം ചെയ്ത മന്ദിരം തുറന്നു കൊടുക്കുന്നില്ലെന്നും 12 വർഷമായിട്ടും അഴീകോടിന്റെ ചിതാഭസ്മം അലമാരയിൽ സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് പരാതി. തുറന്നു കൊടുക്കുന്നില്ലെന്നത് തെറ്റായ പ്രചാരമാണെന്നാണ് അക്കാദമിയുടെ വിശദീകരണം.
ഈ വർഷമാദ്യത്തിലാണ് അഴീകോടിന്റെ പേരിലുള്ള സ്മാരക മന്ദിരം തൃശൂർ ഇരവിമംഗലത്ത് ഉദ്ഘാടനം ചെയ്തത്. സുകുമാർ അഴീകോടിന്റെ വസതിയാണ് നവീകരിച്ച് സ്മാരക മന്ദിരമാക്കിയത്. സാഹിത്യ അക്കാദമിക്കാണ് മേൽനോട്ടവും ചുമതലയും. 50 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച മന്ദിരം പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നില്ലെന്നാണ് അഴീക്കോട് വിചാരവേദി പ്രവർത്തകരുടെ പരാതി. അഴീകോടിന്റെ ചിതാഭസ്മം 12 വർഷമായിട്ടും അലമാരയിൽ തന്നെ വെച്ചിരിക്കുകയാണെന്നും പരാതിയുണ്ട്.
മന്ദിരത്തിലേക്ക് ആർക്കും പ്രവേശിക്കാമെന്നും പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നില്ലെന്നത് തെറ്റായ പ്രചാരമാണെന്നുമാണ് അക്കാദമിയുടെ വിശദീകരണം. മന്ദിരത്തിലൊരുക്കുന്ന മിനി തിയേറ്ററിന്റ പണി പൂർത്തിയാകാനുണ്ടെന്നും കരാറുകാരിൽ നിന്നുള്ള സാക്ഷ്യപത്രം ലഭിക്കാത്തത് മാത്രമാണ് പ്രതിസന്ധിയെന്നും അക്കാദമി വിശദീകരിക്കുന്നു. ബന്ധുക്കൾ അറിയിക്കാത്തതാണ് ചിതാഭസ്മം മന്ദിരത്തിൽ സൂക്ഷിക്കാൻ കാരണമെന്നും അക്കാദമി. ഈ വർഷം ജനുവരിയിലാണ് മന്ത്രി സജി ചെറിയാൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തത്. അഴീക്കോടിന്റെ പ്രഭാഷണങ്ങൾ കാണാനും ഗ്രന്ഥങ്ങൾ ഗവേഷണ വിദ്യാർഥികൾക്ക് റഫറൻസിനായി സൗകര്യമൊരുക്കുമെന്നുമായിരുന്നു അക്കാദമി അറിയിച്ചത്.നടപടി വൈകുന്നുവെന്നാരോപിച്ച് അഴീകോട് വിചാരവേദി പ്രവർത്തകർ സാഹിത്യ അക്കാദമിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു.