ബൈക്ക് അപകടം; 4 ഇരുമ്പ് കമ്പികള്‍ കയ്യില്‍ തുളച്ചുകയറി; രക്ഷിച്ചത് അഗ്നശമന സേന

റോഡുപണി നടക്കുന്നിടത്ത് ബൈക്ക് അപകടത്തില്‍പ്പെട്ട് കൈയിലൂടെ നാല് ഇരുമ്പ് കമ്പികള്‍ തുളച്ചുകയറിയ യുവാവിന് രക്ഷകരായി അഗ്നിശമന സേന. ആലപ്പുഴ അരൂരിനടുത്ത് കോടംതുരത്തില്‍ ദേശീയപാതയുമായി ബന്ധപ്പെട്ട നിര്‍മാണം നടക്കുന്നിടത്തായിരുന്നു അപകടം. കൊച്ചിയിലെ ആശുപത്രിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയക്കുശേഷം യുവാവ് നിരീക്ഷണത്തിലാണ്.

ദേശീയപാതിയില്‍ അരൂരിനടുത്ത് കോടംതുരുത്തില്‍ ശനി രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോടംതുരുത്ത് സ്വദേശി ആരോമലിന്റെ ബൈക്ക് റോഡ് പണി നടക്കുന്ന ഭാഗത്തുവച്ച് നിയന്ത്രണം വിട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിച്ച ഇരുമ്പ് കമ്പികള്‍ കയറ്റിയ ലോറി ഈ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്നു. ഈ ലോറിക്ക് പിന്നിലേക്കാണ് ആരോമല്‍ ഇടിച്ചു കയറിയത്. ഇടതു കൈയ്യുടെ കൈമുട്ടുമുതല്‍ കൈപ്പത്തിവരെ നാല് വാര്‍ക്കകമ്പികള്‍ തുളഞ്ഞു കയറി. കമ്പിയില്‍ കോര്‍ത്തുകിടന്ന ആരോമലിനെ രക്ഷപെടുത്താന്‍ അഗ്നിശമന സേനയുടെ സഹായം തേടി. അരൂര്‍ അഗ്നിശമനസേനയെത്തി നാല് കമ്പികളും മുറിച്ചുമാറ്റി. തുടര്‍ന്ന് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റിയ യുവാവിന്റെ കൈയില്‍ തുളഞ്ഞു കയറിയ നാല് കമ്പികളും നീക്കം ചെയ്തു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മൂന്നര മണിക്കൂറെടുത്താണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. റോഡ് നിര്‍മാണം നടക്കുന്ന ഭാഗത്ത് സുരക്ഷാക്രമീകരണങ്ങളുടെ അഭാവംമൂലം അപകടങ്ങള്‍ പതിവാണെന്ന് ആക്ഷേപമുണ്ട്.