കൊച്ചിയിൽ വീണ്ടുമൊരു ജൂതവിവാഹം

പതിനഞ്ച് വർഷത്തിന് ശേഷം കൊച്ചിയിൽ വീണ്ടുമൊരു ജൂതവിവാഹം. കൊച്ചി സ്വദേശി റേച്ചൽ മലാഖൈയും യു.എസ് പൗരൻ റിച്ചാർഡ് സാക്കറി റോവുമാണ് ജൂത ആചാരപ്രകാരം വിവാഹിതരായത്. കേരളത്തിൽ ജൂതപള്ളിക്ക് പുറത്ത് നടത്തുന്ന ആദ്യ വിവാഹമെന്ന പ്രത്യേകതയും ഇതിനുണ്ട്.മാതാപിതാക്കൾക്കൊപ്പം ആദ്യം റിച്ചാർഡ് സാക്കറി റോവും, പിറകെ റേച്ചൽ മലാഖൈയും അലങ്കരിച്ച വേദിയിലെത്തി. കെത്തുബ എന്ന വിവാഹ ഉടമ്പടി ശ്രവിച്ച് ചടങ്ങിന് നേതൃത്വം നൽകുന്ന റബായി മുൻപാകെ കാലകാലം കുടുംബമായി ജീവിക്കുമെന്ന് അവർ സത്യം ചെയ്തു. 

യുഎസിൽ ഡാറ്റ സയന്‍റിസ്റ്റായ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസയിൽ എഞ്ചിനീയറുമായ റിച്ചാർഡ് സാക്കറി റോവുമാണ് ഒന്നരപതിറ്റാണ്ടിന് ശേഷം കൊച്ചിയിൽ നടന്ന ജൂതവിവാഹത്തിലൂടെ ഒരുമിച്ചത്. ചടങ്ങിന് നേതൃത്വം നൽകാൻ ഇസ്രയേലിൽ നിന്നാണ് റബായി എത്തിയത്.ഇന്ന് കൊച്ചിയിൽ സ്ഥിരതാമസമുള്ള ജൂതന്മാർ 25 പേർ മാത്രമാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ കൊച്ചിയിൽ നടന്നിട്ടുള്ളത് വിരലിൽ എണ്ണാവുന്ന വിവാഹങ്ങളും. കൊച്ചിയിലെ ജൂതപ്പള്ളികൾ പൈതൃക സംരക്ഷിത മേഖലകളായതിനാൽ കൂടുതൽ അതിഥികളെ ഉൾക്കൊള്ളാനാകില്ല. അതിനാൽ കൊച്ചിയിൽ ജൂത ആചാരപ്രകാരം പന്തൽ അഥവാ ചൂപ്പ കെട്ടി പള്ളികൾക്ക് പുറത്ത് നടത്തുന്ന ആദ്യ വിവാഹമെന്ന പ്രത്യേകതയും ഈ വിവാഹത്തിനുണ്ട്.

Another Jewish wedding in Kochi