ബൈക്ക് റേയ്സിങ്ങിന്റെ മറവില്‍ പാടം നികത്താന്‍ ശ്രമം; മാറ്റാതെ ട്രാക്ക് നിര്‍മിച്ച മണ്ണ്

തൃശൂര്‍ അരണാട്ടുകരയില്‍ ബൈക്ക് റേയ്സിങ്ങിന്റെ മറവില്‍ പാടം നികത്താന്‍ ശ്രമം. റേയ്സിങ് ട്രാക്ക് നിര്‍മിക്കാന്‍ നിക്ഷേപിച്ച അറുന്നൂറു ലോഡ് പറഞ്ഞ സമയം കഴിഞ്ഞിട്ടും മാറ്റിയില്ല. അതേസമയം മണ്ണ് മാറ്റാന്‍ ജില്ലാ കലക്ടര്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.

ഒരാഴ്ച മുമ്പായിരുന്നു അരണാട്ടുകര പാടത്ത് ബൈക്ക് റേയ്സിങ് നടത്തിയത്. രണ്ടു സ്വകാര്യ വ്യക്തികളുടെ എട്ടേക്കര്‍ ഭൂമിയാണിത്. ഇതു നികത്താനുള്ള സൂത്രവിദ്യയാണ് ബൈക്ക് റേയ്സിങ് ട്രാക്ക് നിര്‍മിക്കാനുള്ള ആശയമെന്ന് ബി.ജെ.പി. ആരോപിച്ചു. 600 ലോഡ് മണ്ണാണ് ട്രാക്ക് നിര്‍മിക്കാൻ ഇവിടെ നിക്ഷേപിച്ചത്. ഈ മണ്ണിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ദേശീയപാത വികസനത്തിനുള്ള മണ്ണ് വഴിമാറ്റി പാടത്തേയ്ക്കു കൊണ്ടുവന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണ എന്നാണ് ആവശ്യം. വലിയ അഴിമതി ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.

സംഘാടകരോട് മണ്ണെടുത്ത് മാറ്റാന്‍ അടിയന്തരമായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു കഴിഞ്ഞു. കഴിഞ്ഞ പതിനഞ്ചിനു മുമ്പ് മണ്ണു മാറ്റുമെന്നായിരുന്നു സംഘാടകര്‍ നല്‍കിയ സത്യവാങ്മൂലം. ഇപ്പോള്‍ മണ്ണ് മാറ്റാന്‍ കോര്‍പറേഷന്‍റെ അനുമതി വേണമെന്നാണ് വാദം. എന്നാല്‍ എട്ടേക്കര്‍ പാടം നികത്തി സ്വകാര്യ വ്യക്തികളെ സഹായിക്കാനാണ് ഈ നീക്കമെന്നാണ് ആക്ഷേപം. എല്ലാ വര്‍ഷവും ഇവിടെ ബൈക്ക് റേയ്സിങ് നടത്തി പാടം പതിയെ പതിയെ നികത്തിയെടുക്കുകയാണ് ഗൂഢഉദ്ദേശ്യമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Attempt to fill field under the guise of bike racing