വിദൂര വനമേഖലകളിലേക്ക് വൈദ്യുതി; കുഞ്ചിപ്പാറ കോളനിക്ക് ആശ്വാസം

കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ വിദൂര വനമേഖലകളിലേക്കും ഒടുവിൽ വൈദ്യുതി എത്തുന്നു. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്. 

പഞ്ചായത്തിലെ കുഞ്ചിപ്പാറ കോളനിയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ തുടങ്ങി.ബ്ലാവന കടത്തു കടന്ന് വൈദ്യുതപോസ്റ്റുകൾ കാടും മലയും താണ്ടുകയാണ്. ചവിട്ടിത്തേഞ്ഞുപോയ പാറക്കല്ലുകൾക്ക് മുകളിലൂടെ പതിയെ പത്തു കിലോമീറ്റർ അകലെ കുഞ്ചിപ്പാറ ആദിവാസി കോളനിയിലേക്ക്. വന്യ മൃഗശല്യം പേടിച്ച് കഴിയുന്ന കുടികളിലേക്ക് വൈദ്യുതി എത്തുന്നതിന്റെ സന്തോഷത്തിലാണ് കോളനിക്കാർ .നാല് കോടിയിലധികം രൂപ ചെലവിൽ 13 കിലോമീറ്റർ 11 കെ.വി ഭൂഗർഭ കേബിൾ വലിച്ചാണ് കുഞ്ചിപ്പാറ, തലവച്ചപ്പാറ കോളനികളിൽ വൈദ്യുതി എത്തിക്കുന്നത്.വൈദ്യുതീകരണത്തിനുള്ള തുക സർക്കാർ കെഎസ്ഇബിക്ക് കൈമാറിയിട്ടുണ്ട്.‌