കൃഷിവകുപ്പ് നൽകിയ നെൽവിത്തിന് ഗുണനിലവാരമില്ല; വ്യാപകപരാതി

വൈക്കം വെച്ചൂരിൽ കൃഷിവകുപ്പ് നൽകിയ നെൽവിത്ത് ഗുണനിലവാരം ഇല്ലാത്തതെന്ന് വ്യാപക പരാതി.ഒരാഴ്ച്ച  മുൻപ് കൃഷിവകുപ്പ് മുഖേന വാങ്ങി വിതച്ച നെല്ലാണ് മുളയ്ക്കാത്തത്.നിലവിൽ അധികവിലക്ക് വിത്ത് വാങ്ങി വീണ്ടും വിതക്കേണ്ട ഗതികേടിലാണ് നൂറുകണക്കിന് കർഷകർ.

 രണ്ട് പതിറ്റാണ്ടായി രണ്ടാം കൃഷിയിറക്കാത്ത പാടത്ത് പുഞ്ചകൃഷിക്ക് തുനിഞ്ഞ കർഷകരാണ് കൃഷിവകുപ്പിന്റെ നെൽവിത്ത് വാങ്ങി വഞ്ചിതരായത് ..130 ഏക്കർ പാടത്ത് ഏക്കറിന് മുപ്പത്തിരണ്ട് കിലോ വിത്ത് വീതമാണ് ഒരാഴ്ച മുൻപ് കർഷകർ വാങ്ങിയത്.കിട്ടിയ നെൽ വിത്തിൽ മൂന്നിൽ രണ്ട് ഭാഗവും മുളക്കാതെ വന്നതാണ് കർഷകർക്ക് വിനയായത്. മുളച്ചതാകട്ടെ വേണ്ടത്ര കരുത്തില്ലാത്തതും.ഏക്കറിന് 700 രൂപയോളം മുടക്കിയാണ് പലരും വീണ്ടും വിത്തിടുന്നത്. പഴകിയതും നനഞ്ഞതുമായ നെൽവിത്തായതു കൊണ്ടാവാം മുളയ്ക്കാത്തതെന്നാണ് കർഷകർ പറയുന്നത്.

എന്നാൽ നെൽവിത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പാടശേഖരസമിതി ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നാണ് വെച്ചൂർ കൃഷി ഓഫിസറുടെ നിലപാട് . ഒരു കർഷകൻ പോലും പാടശേഖര സമിതിയെ വിഷയം അറിയിച്ചിട്ടില്ലെന്ന് പാടശേഖര സമിതിയും പറയുന്നു .മണ്ണുത്തി കാർഷിക സർവ്വകാലാശാലയിൽ നിന്ന് വാങ്ങിയ ഇതേ വിത്ത് സമീപ പാടത്ത് വിതച്ചിട്ട് കുഴപ്പമില്ലെന്നും പാടശേഖരസമിതിയുമായി ബന്ധമില്ലാത്തവരാണ്  ഇതിന് പിന്നിലെന്നുമാണ് പരാതി.