കൽക്കെട്ടിൽ നിന്ന് മണ്ണൊഴുകിയിറങ്ങി; ഭീതിയിൽ കുടുംബങ്ങൾ

പത്തനംതിട്ട പന്തളം റോഡിലെ കൈപ്പട്ടൂര്‍ പാലത്തിന്‍റെ സമീപപാതയിലെ കല്‍ക്കെട്ടില്‍ നിന്ന് മണ്ണൊഴുകിയിറങ്ങാന്‍ തുടങ്ങിയതോടെ ഭീതിയിലാണ് താഴെ താമസിക്കുന്ന അഞ്ച് കുടുംബങ്ങള്‍. കഴിഞ്ഞ ഒക്ടോബറിലെ പ്രളയ കാലത്ത് മതില്‍ക്കെട്ട് ഇടിഞ്ഞതോടെ ഗതാഗതം നിരോധിച്ചിരുന്നു.

അഞ്ച് വീടുകളാണ് കൈപ്പട്ടൂര്‍ പാലത്തിന്‍റെ സമീപനപാതയുടെ താഴെയുള്ളത്. നാല് വീടുകളിലും താമസക്കാരുണ്ട്. കല്‍ക്കെട്ടില്‍ നിന്ന് മണ്ണൊഴുകിയിറങ്ങിയതോടെയാണ് ആശങ്കയുള്ളത്. തൊട്ടടുത്താണ് അച്ചന്‍കോവിലാര്‍. മതിലിന്‍റെ മുകള്‍ഭാഗത്ത് പൊളളയാണെന്ന് താമസക്കാര്‍ പറയുന്നു. പാലത്തോട് ചേരുന്ന ഭാഗത്തെ കല്ലുകള്‍ ഇളകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രിയടക്കം സന്ദര്‍ശനം നടത്തിയ ശേഷം ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

കഴിഞ്ഞ ഒക്ടോബറിലാണ് അപ്രോച്ച് റോഡ് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടത്. പന്തളം ഭാഗത്തേക്കും, അടൂര്‍ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കൈപ്പട്ടൂര്‍ പാലം വഴിയാണ് കടന്നു പോകുന്നത്. മഴകനത്താല്‍ കല്‍ക്കെട്ട് അടര്‍ന്ന് വീഴുമോയെന്നുള്ള ആശങ്കയിലാണ് താമസക്കാര്‍.