മിനിട്ട്സ് തിരുത്തി അഴിമതിക്ക് ശ്രമം; തലയോലപറമ്പ് പഞ്ചായത്തിൽ പരാതി

വൈക്കം തലയോലപറമ്പ് പഞ്ചായത്തിൽ യോഗത്തിൻ്റെ മിനിട്ട്സ് തിരുത്തി അഴിമതിക്ക് ശ്രമം നടത്തിയെന്ന പരാതിയുമായി പ്രതിപക്ഷം രംഗത്ത് .മാലിന്യ നിർമ്മാജ്ജനത്തിനായുള്ള സ്ഥലം വാങ്ങിക്കുന്നതിനുള്ള തീരുമാനം എഴുതി ചേർത്തെന്നാണ് ആക്ഷേപം. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമ്പത്തിനായിരം രൂപ വാഗ്ദാനം ചെയ്തതായി പഞ്ചായത്ത് കമ്മറ്റിയിൽ പ്രസിഡൻ്റ് സമ്മതിച്ചതായും യുഡിഫ് നേതാക്കൾ പറഞ്ഞു

കഴിഞ്ഞ ജനുവരിയിലാണ് തലയോലപ്പറമ്പ് പഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കാൻ തീരുമാനമെടുത്തത്.എന്നാൽ മാർച്ച് അവസാന ദിനത്തിൽ മാലിന്യ സംസ്ക്കരണ പ്ലാൻ്റിനായി സ്ഥലം വാങ്ങിക്കാൻ തീരുമാനിച്ചതായി മിനിട്സ് തിരുത്തിയെന്നാണ് പരാതി.  തൻ്റെ അറിവൊ സമ്മതമൊ ഇല്ലാതെയാണ് തീരുമാനമെന്ന് കണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തന്നെ പദ്ധതി പിൻവലിച്ചു. പഞ്ചായത്ത് കമ്മറ്റിയൊ പ്രസിഡൻ്റോ അറിയാതെ മിനിട്ട്സിൽ സ്ഥലം വാങ്ങൽ തീരുമാനം എഴുതിച്ചേർത്തതോടെയാണ് പ്രതിപക്ഷം പരാതിയുമായി രംഗത്തെത്തിയത്.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമ്പതിനായിരം രൂപ വാഗ്ദാനം ചെയ്തതായി പഞ്ചായത്ത് കമ്മറ്റിയിൽ പ്രസിഡൻ്റ് സമ്മതിച്ചതായും പ്രതിപക്ഷം പറഞ്ഞു 

മാർച്ച് അവസാന ദിവസത്തെ മിനിട്സിൽ മാലിന്യസംസ്കരണ പ്ലാൻ്റിനായി സ്ഥലം വാങ്ങാൻ തീരുമാനമെടുത്തതായി രേഖപ്പെടുയിരിക്കുന്നതിന് പിന്നാലെയാണ് മൂന്നാം നമ്പർ തീരുമാനമായി സ്ഥലം വാങ്ങൽ പദ്ധതി ഒഴിവാക്കി ബാക്കിയുള്ളവ അംഗീകരിച്ചതായും എഴുതിയിരിക്കുന്നത് .ഇത് ക്രമക്കേട് നടന്നതിൻ്റെയും മിനിട്ട്സ് തിരുത്തിയതിൻ്റെയും തെളിവാണെന്നാണ് പ്രതിപക്ഷത്തിൻ്റെ പരാതി.എന്നാൽ തൻ്റെ അറിവൊ സമ്മതമൊ ഇല്ലാതെയാണ് സ്ഥലം വാങ്ങൽ പദ്ധതി മിനിട്ട്സിൽ ചേർത്തതെന്ന പരാതിയുമായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറെ സമീപിച്ചിരിക്കുകയാണ് പഞ്ചായത്ത് പ്രസിഡൻറ്.  കുറ്റക്കാർക്കെതിരെ നടപടിയെ ടുക്കണമെന്ന ആവശ്യവുമായി പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്.