പ്രതിസന്ധിക്ക് പരിഹാരം; താലൂക്ക് ആശുപത്രിയിൽ ഇനി മുഴുവൻസമയ പ്രസവ വാർഡ്

ഡോക്ടര്‍മാര്‍ ദീര്‍ഘനാളത്തെ അവധിയില്‍ പ്രവേശിച്ചതിനാല്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടച്ചെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ മന്ത്രിയുെട ഇടപെടല്‍. പുതുതായി മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചതിനൊപ്പം അവധിയില്‍ പ്രവേശിച്ചവരെ വേഗത്തില്‍ തിരികെ വിളിക്കാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. അടുത്തദിവസം തുടങ്ങി പ്രസവ വാര്‍ഡ് പൂര്‍ണതോതില്‍ തുറന്ന് പ്രവര്‍ത്തിക്കും. 

ഗൈനക്കോളജി ഡോക്ടര്‍മാരില്ലാത്തതിനാല്‍ മേയ് ഇരുപത്തി നാല് മുതലാണ് പ്രസവ വാര്‍ഡ് അടച്ചത്. വര്‍ഷങ്ങളായി ജോലിയിലുണ്ടായിരുന്നവര്‍ക്ക് പകരം കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഡോക്ടര്‍മാര്‍ക്ക് നിയമനം നല്‍കിയിരുന്നു. ജോലിയില്‍ പ്രവേശിച്ചതിന്റെ അടുത്തദിവസം തുടങ്ങി ഇരുവരും ദീര്‍ഘനാളത്തെ അവധിയെടുത്തു. പിന്നാലെയാണ് ആദിവാസി കുടുംബങ്ങളെ ഉള്‍പ്പെടെ ദുരിതത്തിലാക്കി പ്രസവ വാര്‍ഡിന് താഴിട്ടത്. ജനങ്ങളുടെ നിസഹയാവസ്ഥ മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. എലപ്പുള്ളി താലൂക്കാശുപത്രിയിലെ ഡോക്ടർ അനിത, പൂക്കോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഇന്ദു ബാലചന്ദ്രൻ, പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ലാവണ്യാക്ഷി എന്നിവരെയാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് അടിയന്തരമായി നിയമിച്ചത്. നേരത്തെ നിയമിച്ചവരുടെ അവധിയും മെഡിക്കൽ ഓഫീസർ റദ്ദ് ചെയ്തു. ആശുപത്രിയിലെ പ്രതിസന്ധി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി മണ്ണാര്‍ക്കാട് എംഎല്‍എ. 

ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ഉത്തരവ് ആശുപത്രി സൂപ്രണ്ടിന് ലഭിച്ചിട്ടുണ്ട്. അടുത്തദിവസം തുടങ്ങി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പ്രസവ ശുശ്രൂഷയ്ക്ക് അട്ടപ്പാടിക്കാര്‍ ഉള്‍പ്പെടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകേണ്ടി വരുമെന്ന ദിവസങ്ങളായുള്ള പ്രതിസന്ധിക്ക് ഒടുവില്‍ പരിഹാരം.