ഫിറ്റ്നസില്ല; വൈക്കം നഗരസഭയിലെ 13 അംഗന്‍വാടികൾ പ്രവർത്തനം നിർത്തുന്നു

വൈക്കം നഗരസഭയിലെ 22 അംഗന്‍വാടികളിൽ പതിമൂന്ന് എണ്ണത്തിന്‍റെ  പ്രവർത്തനം നിർത്തിവയ്ക്കുന്നു. നഗരസഭ കെട്ടിടത്തിലും വാടക കെട്ടിടങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന അംഗനവാടികൾക്ക് ഫിറ്റ്നസില്ലെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. മനോരമ ന്യൂസ് വാർത്ത ശരിവയ്ക്കുന്ന റിപ്പോർട്ട്  നഗരസഭ എൻജിനിയർ സാമൂഹ്യ നീതി വകുപ്പിന് സമർപ്പിച്ചു. റിപ്പോർട്ടിന്‍റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

പോളശ്ശേരി കായിപ്പുറത്ത് വാടക മുറിയിലെ അങ്കണവാടി തകർന്ന് ഒരു കുട്ടിക്ക് ഗുരുതര പരുക്കേറ്റതിനെ തുടർന്നാണ് അങ്കണവാടികളുടെ ദുരവസ്ഥ  മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നത്. വൈക്കം നഗരസഭ എൻജിനിയറും നഗരസഭ ആരോഗ്യ വകുപ്പുംനടത്തിയ പരിശോധനാ റിപ്പോർട്ടിലാണ് 13 അങ്കണവാടി കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയത്.സുരക്ഷിതമല്ലാത്ത മേൽക്കൂരക്ക് കീഴെ ദുർബലമായ ചുവരുകൾക്കുള്ളിൽ വേണ്ടത്ര സ്ഥലമില്ലാതെയാണ് അങ്കണവാടികൾ പ്രവർത്തിക്കുന്നതെന്നാണ് നഗരസഭ എൻജിനിയർ ബി.ജയകുമാറിൻ്റെ റിപ്പോർട്ടിലുള്ളത്. മിക്കതിനും ശുചി മുറികളില്ല. സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരുടെ  ഗുരുതര വീഴ്ച കൂടിയാണ് പുറത്ത് വരുന്നത്. റിപ്പോർട്ട് ഗൗരവത്തിലെടുത്ത്  പരിഹാര നടപടികൾ ഉണ്ടാകുമെന്ന് നഗരസഭ അധ്യക്ഷ ഉറപ്പ് നൽകുന്നു. 

മനോരമ ന്യൂസ് വാർത്തയെ തുടർന്ന് ഇതിൽ രണ്ടെണ്ണത്തിൻ്റെ പ്രവർത്തനം നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. കല്ലറ പഞ്ചായത്തിലെ 17 അങ്കണവാടികളിൽ എട്ടെണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം അങ്കണവാടികളെ തകർക്കാനുള്ള നീക്കമാണിതെന്ന്  ആരോപിച്ച്  ഇടത്പക്ഷ അനുകൂല അങ്കണവാടി ജീവനക്കാരുടെ  സംഘടനയും രംഗത്തെത്തി.