കൃഷിയിടങ്ങള്‍ പുഴയെടുക്കുന്നു; വരന്തരപ്പിള്ളി പഞ്ചായത്തിന്റെ ഒരുമേഖല ഭീഷണിയിൽ

തൃശൂര്‍ വരന്തിരപ്പിള്ളി പഞ്ചായത്തിലെ കൃഷിയിടങ്ങള്‍ പുഴയെടുക്കുന്നു. സംരക്ഷണഭിത്തി നിര്‍മിക്കാത്തതാണ് പ്രശ്നം.വരന്തരപ്പിള്ളി പഞ്ചായത്തിന്റെ ഒരുമേഖല പുഴയിടിച്ചില്‍ ഭീഷണിയിലാണ്. കുറുമാലിപ്പുഴയുടെ തീരത്തുള്ള കൃഷിയിടങ്ങള്‍ പുഴയെടുക്കുകയാണ്. ഒരു വശത്ത് സംരക്ഷണ ഭിത്തിയുണ്ട്. അത്, മറ്റത്തൂര്‍ പഞ്ചായത്ത് പരിധിയിലാണ്. വെള്ളം സംരക്ഷണ ഭിത്തിയിലിടിച്ച് കൃഷിയിടങ്ങളിലേക്ക് ഇരച്ചുക്കയറുകയാണ്. രണ്ടു വശത്തും സംരക്ഷണ ഭിത്തി വേണമെന്ന് നേരത്തെതന്നെ നാട്ടുകാര്‍ പറഞ്ഞിരുന്നു. പുഴയ്ക്കു കുറുകെ നിര്‍മിക്കുന്ന താല്‍ക്കാലിക തടയണയ്ക്കായി വലിയ പാറക്കഷണങ്ങളും പാറപ്പൊടിയും ഇറക്കാറുണ്ട്. 

തടയണയിടിഞ്ഞ് കൃഷിഭൂമിയിലേക്ക് വന്നടിക്കുകയാണ്. അങ്ങനെയും, മണ്ണിടിച്ചില്‍ രൂക്ഷമാണ്.  സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന് ജലസേചന വകുപ്പിലും പഞ്ചായത്തിലും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പ്രളയത്തിനു ശേഷം ആവശ്യമായ ഫണ്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വര്‍ഷങ്ങളായി ഈ നാട്ടിലെ ജനങ്ങള്‍ ഇതുമൂലം വലയുകയാണ്. ചാലക്കുടിയ്ക്കു ശേഷം ഏറ്റവും അധികം പ്രളയം ബാധിച്ച മേഖല കൂടിയാണിത്.