കുന്തിപ്പുഴയുടെ തീരത്തുള്ള നിർദിഷ്ട മല്‍സ്യചന്ത; പുഴ സംരക്ഷണ സമിതിയുടെ പ്രതിഷേധം

പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴയുടെ തീരത്തുള്ള നിർദിഷ്ട മല്‍സ്യചന്തയ്ക്കെതിരെ പ്രതിഷേധവുമായി പുഴ സംരക്ഷണ സമിതി. പുഴയെ മലിനപ്പെടുത്തുന്ന തീരുമാനം പിന്‍വലിക്കണം. മതിയായ പഠനം നടത്താതെയാണ് രൂപരേഖ തയാറാക്കിയതെന്നും പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും കുന്തിപ്പുഴ സംരക്ഷണ സമിതി.

കുന്തിപ്പുഴയുെട തീരത്തായി ജനവാസ മേഖലയിലാണ് ചന്ത നിര്‍മിക്കുന്നത്. കുമരംപുത്തൂർ, കരിമ്പുഴ പഞ്ചായത്തുകളുടെ ശുദ്ധജല വിതരണ പദ്ധതികളോട് ചേര്‍ന്ന്. ഇത് പുഴയെ മലിനപ്പെടുത്തും. നാട്ടുകാരുെട അഭിപ്രായം ആരായുകയോ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നും പുഴ സംരക്ഷണ സമിതി. മല്‍സ്യ അവശിഷ്ടങ്ങൾ പുഴയിലേക്കിറങ്ങി വെള്ളം മലിനമാകുമെന്നും ഇത് പതിനായിരക്കണക്കിന് ആളുകളുടെ വെള്ളംകുടി മുട്ടിക്കുന്ന സ്ഥിതിയുണ്ടാവുമെന്നും ആശങ്കയുണ്ട്. നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിച്ച് ചന്ത തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം തുടങ്ങും.  

ചന്തയ്ക്ക് അനുമതി നൽകരുതെന്ന് കഴിഞ്ഞ നഗരസഭ ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടയിലും ഇടത് അംഗങ്ങൾ നിര്‍മാണത്തിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. നിലവാരമുള്ള മല്‍സ്യ ചന്ത മണ്ണാര്‍ക്കാട്ടുണ്ടായിരിക്കെ വീണ്ടും മീറ്ററുകളുടെ മാത്രം വ്യത്യാസത്തില്‍ മറ്റൊരെണ്ണത്തിന്റെ ആവശ്യമെന്തെന്ന സംശയമാണ് നാട്ടുകാര്‍ക്കുള്ളത്.